ന്യൂഡല്‍ഹി: ലഹരി വിരുദ്ധ നിയമത്തില്‍ ഭേദഗതി വരുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ലഹരി ഉപയോഗിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് ശിക്ഷിക്കുന്നതിന് പകരം അവരെ ഇരകളായി പരിഗണിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ഇതിനായി ലഹരി വിരുദ്ധ നിയമമായ നാര്‍കോട്ടിക്സ് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് ഭേദഗതി ചെയ്യുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചു വരികയാണ്. ഇത് നിലവില്‍ വന്നാല്‍ ലഹരി ഉപയോഗിക്കുന്നവരെ ഇരകളായി മാത്രം കാണുകയും അവര്‍ക്ക് ലഭിക്കുന്ന ശിക്ഷയും പിഴയും ഇല്ലാതാവുകയും ചെയ്യും.
അതേസമയം, ലഹരിക്കടത്തും ലഹരി വില്പനയും ഗുരുതര കുറ്റകൃത്യമായി തന്നെയാവും തുടര്‍ന്നും പരിഗണിക്കുക. ചെറിയ തോതില്‍ മയക്കുമരുന്ന് അടക്കമുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് കുറ്റകരമല്ലാത്ത വിധം നിലവിലെ നിയമം പരിഷ്കരിക്കാനാണ് ആലോചന. ശിക്ഷയും കേസും ഒഴിവാക്കി ലഹരിമരുന്ന് കൈവശം വെക്കുന്നവര്‍ക്ക് 30 ദിവസത്തെ നിര്‍ബന്ധിത കൗണ്‍സിലിംഗ് കൊടുക്കാനാണ് ശുപാര്‍ശ. ഇക്കാര്യത്തില്‍ കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ട്.
നിയമം നിലവില്‍ വന്നാല്‍ ലഹരി ഉപയോഗം കുറ്റകരമല്ലാതാവും. എന്നാല്‍, ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ തോതില്‍ വ്യക്തത വരുത്തിയിട്ടില്ല. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇത് സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനമുണ്ടാകും. അതേസമയം, യുവാക്കളില്‍ ലഹരി ഉപയോഗം വര്‍ധിക്കുമെന്ന സാധ്യത തള്ളിക്കളയാനുമാവില്ല.

