ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയായി ഉയരാൻ തയ്യാറെടുത്ത് ഇന്ത്യ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയായി ഉയരാൻ തയ്യാറെടുത്ത് ഇന്ത്യ. ഇതിനായുള്ള പാതയിലാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെന്നാണ് കേന്ദ്ര ധനമന്ത്രാലത്തിന്റെ അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് തകർച്ചയിലായ സമ്പദ് വ്യവസ്ഥ കേന്ദ്ര സർക്കാരിന്റെ മികച്ച നീക്കങ്ങളിലൂടെ തിരിച്ചു വരവിന്റെ പാതയിലാണ്.

കോവിഡ് വാക്‌സിനേഷൻ വേഗത്തിലാക്കിയതും രോഗികളുടെ എണ്ണത്തിലുണ്ടായ കുറവും ഉത്സവ സീസണുകളും സമ്പദ് വ്യവസ്ഥയ്ക്ക് ഉണർവ് നൽകാൻ പ്രേരകമാകുന്ന ഘടകങ്ങളാണെന്നാണ് വിലയിരുത്തൽ. ആത്മനിർഭർ ഭാരത് മിഷനാണ് ഇന്ത്യയുടെ സാമ്പത്തികസ്ഥിതി വീണ്ടെടുക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നത്. ആവശ്യമായ മാക്രോ, മൈക്രോ വികസനങ്ങളിലൂടെ, ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയായി മാറുന്നതിനായി ഇന്ത്യ തയ്യാറെടുക്കുന്നുവെന്നാണ് ധനമന്ത്രാലയ റിപ്പോർട്ടിൽ വിശദമാക്കുന്നത്. അതേസമയം പെട്രോൾ, ഡീസൽ എന്നിവയുടെ എക്‌സൈസ് തീരുവ വെട്ടിക്കുറച്ചത് പണപ്പെരുപ്പ സമ്മർദങ്ങൾ ലഘൂകരിക്കുമെന്ന ആത്മവിശ്വാസം സർക്കാരിന് നൽകുന്നുണ്ട്.

പാശ്ചാത്യരാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി റിപ്പോ നിരക്കുകൾ വർദ്ധിപ്പിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സമ്മർദ്ദത്തിലായിരുന്നില്ല. ഇത് ഡിമാൻഡിന്റെ പണപരമായ വിപുലീകരണത്തിന് കൂടുതൽ ഇടം സൃഷ്ടിക്കുന്നു എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അധികം താമസിയാതെ സമ്പദ് വ്യവസ്ഥയിൽ ഇന്ത്യ ചൈനയേക്കാൾ മുൻനിരയിലെത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ.