തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങൾക്ക് ക്വാറികൾ കാരണമാകുന്നുണ്ടോ എന്ന് പരിശോധിക്കാൻ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടുവെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഉരുൾപൊട്ടലിന് ക്വാറികളാണോ കാരണമെന്ന് ശാസ്ത്രീയമായി പരിശോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനപ്രകാരം പരിസ്ഥിതിലോല പ്രദേശങ്ങളിൽ ഖനനപ്രവത്തനങ്ങൾക്ക് നിയന്ത്രണമുണ്ട്. അന്തിമ വിജ്ഞാപനം വരുന്ന മുറയ്ക്ക് നിലവിൽ പ്രവർത്തിക്കുന്ന ക്വാറികൾ അഞ്ചു വർഷത്തിനകം പ്രവർത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാരിസ്ഥിതിക സന്തുലിതാവസ്ഥ പരിഗണിച്ചും നിയമാനുസൃതമുള്ള നടപടി പൂർത്തിയാക്കിയും മാത്രമേ സംസ്ഥാനത്ത് ക്വാറികൾക്ക് അനുമതി നൽകുന്നുള്ളൂ. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പരിസ്ഥിതിക്ക് ദോഷമില്ലാത്തവിധം ഖനനം നടത്താനുള്ള സാധ്യതയുണ്ടോ എന്നും പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

