ഭക്ഷ്യ ഭദ്രതാ കിറ്റ്; 938 സ്‌കൂളുകളില്‍ വിതരണം ചെയ്തത് ബി-1 അമിതമായി കലര്‍ന്ന മിഠായികള്‍

ഭക്ഷ്യ ഭദ്രതാ കിറ്റില്‍ മിഠായി ഉള്‍പ്പെടുത്തിയത് പരിശോധനയില്ലാതെയാണെന്ന റിപ്പോര്‍ട്ടിനെ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ വീഴ്ചയില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അതൃപ്തി അറിയിച്ചു. കപ്പലണ്ടി മിഠായി പാക്കറ്റില്‍ ഗുണനിലവാരം സൂചിപ്പിക്കുന്ന രേഖകളില്ലെന്നും ബാച്ചും നമ്പറും ഇല്ലെന്നും അറിഞ്ഞാണ് ഉദ്യോഗസ്ഥര്‍ മിഠായി വിതരണം നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യ ഭദ്രതാ കിറ്റിന്റെ ഭാഗമായി വിതരണം ചെയ്ത് നല്‍കിയ കപ്പലണ്ടി മിഠായി സുരക്ഷിതമല്ലെന്ന് കണ്ടെത്തിയത്. മിഠായി വിതരണത്തില്‍ കൂടുതല്‍ വിവരങ്ങളാണ് ഇതോടെ പുറത്ത് വന്നിരിക്കുന്നത്. വിഷാംശം കലര്‍ന്ന മിഠായി വിതരണം ചെയ്തത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സ്‌കൂളുകളിലാണ് കണ്ടെത്തി. മാത്രമല്ല 938 സ്‌കൂളുകളില്‍ വിതരണം ചെയ്തത് ബി-1 അമിതമായി കലര്‍ന്ന മിഠായിയെന്നും കണ്ടെത്തി. സപ്ലെകോയുടെ തിരുവനന്തപുരം ഡിപ്പോയാണ് വിതരണത്തിനായി കപ്പലണ്ടി മിഠായി വാങ്ങിയത്.

കപ്പലണ്ടി മിഠായിയില്‍ പൂപ്പല്‍ സാന്നിധ്യം കണ്ടെത്തിയെന്ന് ലാബ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഗുണനിലവാരത്തില്‍ സംശയം തോന്നിയ രക്ഷിതാക്കളാണ് ലാബില്‍ പരിശോധനക്ക് അയച്ചത്. തൂത്തുക്കുടി ആല്‍ക്കാട്ടി കമ്പനിയാണ് കപ്പലണ്ടി മിഠായി നിര്‍മിച്ച് വിതരണം ചെയ്തത്.
അതേസമയം, സപ്ലെകോ ഇക്കാര്യത്തില്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ചെയ്തതെന്നും സാമ്പിള്‍ പരിശോധിച്ച ഒരുഘട്ടത്തിലും ഏതെങ്കിലും തരത്തിലുള്ള കാലപ്പഴക്കമോ ക്രമക്കേടോ കണ്ടെത്തിയിരുന്നില്ലെന്നും സപ്ലെകോ സി എം ഡി അലി അസ്‌കര്‍ പാഷാ പ്രതികരിച്ചിരുന്നു.