തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവില്‍ വിവാദം കത്തുന്നു. ഉത്തരവിന് മുന്‍പ് യോഗം ചേര്‍ന്നില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ വാദമാണ് ഇപ്പോള്‍ പൊളിയുന്നത്. നവംബര്‍ ഒന്നിന് യോഗം ചേര്‍ന്നതിന്റെ സര്‍ക്കാര്‍ രേഖ തന്നെ പുറത്തു വന്നിട്ടുണ്ട്. അനുമതി നല്‍കുന്നതിന് മുന്‍പ് ചേര്‍ന്ന യോഗത്തിന്റെ കവറിങ്ങ് ലെറ്ററിലാണ് യോഗത്തെ കുറിച്ച് പരാമര്‍ശമുള്ളത്.
അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസിന് ചീഫ് വൈല്‍ഡ് ലൈഫ് ഓഫീസര്‍ ബെന്നിച്ചന് തോമസ് നല്കിയ കത്തിലാണ് യോഗത്തെ കുറിച്ച് പരാമര്‍ശമുള്ളത്.
എന്നാല്‍, അത്തരത്തിലൊരു യോഗം നടന്നിട്ടില്ലെന്നാണ് മന്ത്രി റോഷി അഗസ്റ്റിന് നേരത്തെ പറഞ്ഞത്. ജലവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് പോയിട്ടില്ല, വനം വകുപ്പ് ഉദ്യോഗസ്ഥരും തമിഴ്നാട് ഉദ്യോഗസ്ഥരുമാണ് പോയത്. ഒരു ഘട്ടത്തിലും ജലവകുപ്പ് ഇത്തരം തീരുമാനമെടുത്തിട്ടില്ലെന്നും നവംബര്‍ ഒന്നിന് യോഗം നടന്നിട്ടില്ലെന്നും യോഗത്തിന് രേഖകളോ മിനിട്സോ ഇല്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഔദ്യോഗികമായോ അനൗദ്യോഗികമായോ പോലും യോഗം ചേര്‍ന്നിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇന്ന് നിയമസഭയിലും സമാനമായ വാദമാണ് ഉന്നയിക്കാന്‍ ശ്രമിച്ചത്.
അതേസമയം, അത് തെറ്റാണെന്ന് തെളിയിക്കുന്ന രേഖയാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. നവംബര്‍ ഒന്നിന് ചേര്‍ന്ന യോഗത്തിലാണ് മരം മുറിക്കാനുള്ള അനുമതി നല്കാന് തീരുമാനമായതെന്നും ടി.കെ ജോസിന് അയച്ച കത്തിന്റെ ഭാഗമായുള്ള ഉത്തരവില്‍ വ്യക്തമാണ്. നവംബര്‍ അഞ്ചിനാണ് മരംമുറിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് ബെന്നിച്ചന് തോമസ് ഉത്തരവിറക്കിയത്. എല്ലാ ഉത്തരവാദിത്തവും വനം വകുപ്പിന്റെ തലയില്‍ വെച്ച് ജലസേചന വകുപ്പ് സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടാണ് ജലസേചന വകുപ്പ് കൈക്കൊണ്ടിരിക്കുന്നത്.

