രാജസ്ഥാനില്‍ അമിതവേഗത്തിലെത്തിയ ട്രക്ക് ബസില്‍ ഇടിച്ചു കയറി തീപടര്‍ന്നു; 12 പേര്‍ വെന്തുമരിച്ചു

ജയ്പൂര്‍: രാജസ്ഥാനില്‍ അമിതവേഗത്തിലെത്തിയ ട്രക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തില്‍ 12 യാത്രക്കാര്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ബസ് പൂര്‍ണമായും കത്തിയമര്‍ന്നു. ബുധനാഴ്ച രാവിലെ ബാര്‍മര്‍-ജോദ്പുര്‍ ദേശീയ പാതയിലാണ് അപകടമുണ്ടായത്.

ഇന്ന് രാവിലെ പത്ത് മണിയോടെ ബലോത്രയില്‍ നിന്ന് ജോഥ്പൂരിലേക്ക് പുറപ്പെട്ട സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. തെറ്റായ ദിശയില്‍ കയറി വന്ന ട്രക്കുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ ബസില്‍ തീ പടര്‍ന്നുവെന്നും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ബസ് യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു. പോലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. 25 പേരാണ് ബസിലുണ്ടായിരുന്നത്. ഇതില്‍ 10 പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ള യാത്രക്കാരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റവരെ ബലോത്ര സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

പരിക്കേറ്റവര്‍ക്ക് വേണ്ട അടിയന്തിര ചികിത്സാ സഹായം നല്‍കാന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അശോക് ഗെഹലോട്ട് അറിയിച്ചു.