ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ശൈലികളെല്ലാം ഉടച്ച് വാര്‍ത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ. കോര്‍പ്പറേറ്റ് ഭരണ രീതി ആരംഭിച്ചാണ് അമിത് ഷായുടെ പുതിയ നീക്കം. കുറച്ച് ആഴ്ചകളായി ഓഫീസില്‍ നടപ്പിലാക്കിയ മാറ്റങ്ങളെ കുറിച്ച് ഒരു ദേശീയ മാദ്ധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പുതിയ ശൈലികള്‍ പ്രകാരം ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സേനാ വിഭാഗങ്ങളും ഏജന്‍സികളും അവരുടെ ദൈനംദിന പ്രവൃത്തികളെ കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ചെയ്യേണ്ട ജോലികളെ കുറിച്ചും ഇതില്‍ പരാമര്‍ശിക്കണം. എല്ലാ സേനകളും അവരവരുടെ യൂണിറ്റുകളില്‍ ദിവസവും ചെയ്യുന്ന ജോലിയുടെ വിശദാംശങ്ങള്‍ നല്‍കുകയും അതില്‍ നിന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മികച്ച അഞ്ച് പോയിന്റുകള്‍ തിരഞ്ഞെടുത്ത് ആഭ്യന്തര മന്ത്രാലയത്തിന് അയക്കുകയും ചെയ്യണമെന്നാണ് നിര്‍ദ്ദേശം.
പുതിയ പരിഷ്‌കാരത്തില്‍ ബിഎസ്എഫ്, സിആര്‍പിഎഫ്, സിഐഎസ്എഫ്, എസ്എസ്ബി, ഐടിബിപി തുടങ്ങിയ എല്ലാ അര്‍ദ്ധസൈനിക വിഭാഗങ്ങളും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളും ഡല്‍ഹി പൊലീസ് എന്നിവര്‍ അവരുടെ ദൈനംദിന ജോലികള്‍ സമര്‍പ്പിക്കണം. ഈ റിപ്പോര്‍ട്ട് മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അവലോകനം നടത്തുകയും പ്രധാന പോയിന്റുകള്‍ മന്ത്രിയെ അറിയിക്കുകയും ചെയ്യും. ഇത്തരം പരിഷ്‌കാരങ്ങള്‍ സേനാ വിഭാഗങ്ങളുടെ പ്രവര്‍ത്തനം സൂക്ഷ്മമായി വിലയിരുത്താന്‍ മന്ത്രാലയത്തെ സഹായിക്കുന്നു എന്നാണ് ഉദോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

