തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ വീണ്ടും അഴിമതി ആരോപണം. നഗരത്തില്‍ എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനായി യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍സ്ട്രീസിന് രണ്ടരക്കോടിയുടെ കരാര്‍ കോര്‍പ്പറേഷന്‍ നല്‍കിയത് സര്‍ക്കാര്‍ ഉത്തരവ് മാനിക്കാതെയെന്ന ആരോപണമാണ് ശക്തമാകുന്നത്.
10,000 എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കാനാണ് ഭരണസമിതി ലക്ഷ്യമിട്ടത്. അപേക്ഷ ക്ഷണിച്ചതോടെ പൊതുമേഖലാ സ്ഥാപനങ്ങളായ കെല്‍ട്രോണ്‍, കെഎസ്‌ഐഇ, കെല്‍ എന്നീ കമ്പനികള്‍ ക്വട്ടേഷന്‍ നല്‍കി. കെല്‍ ഏറ്റവും കുറഞ്ഞ തുകയായ 2350 രൂപയും മീറ്റര്‍ കമ്പനി 2450 രൂപയുമാണ് ഒരു യൂണിറ്റ് സ്ഥാപിക്കാനായി ക്വട്ടേഷന്‍ നല്‍കിയത്. എന്നാല്‍, മീറ്റര്‍ കമ്പനിക്ക് കരാര്‍ നല്‍കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കെല്‍ രംഗത്ത് വന്നിരുന്നു. യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് നിര്‍മ്മിക്കുന്ന ലൈറ്റുകളാണെന്ന് പറഞ്ഞ് നഗരസഭക്ക് നല്‍കിയത് മറ്റ് നിര്‍മ്മാണ കമ്പനിയുടെ സ്റ്റിക്കര്‍ പതിച്ച ലൈറ്റുകളാണെന്നാണ് ആക്ഷേപം.
എന്നാല്‍, അഴിമതി പ്രചാരണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. 2018 ലെ ഉത്തരവ് അനുസരിച്ച് യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തില്‍ നിന്ന് ടെന്‍ഡര്‍ കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വാങ്ങാന്‍ അനുമതിയുണ്ടെന്ന് മേയര്‍ വ്യക്തമാക്കി.

