ഇഷ്ടപ്രകാരമുള്ള യൂണിഫോം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പെണ്‍കുട്ടികള്‍ക്ക് വേണം: ശശി തരൂര്‍

കോഴിക്കോട്: പെണ്‍കുട്ടികളെ സംബന്ധിച്ച് അവര്‍ക്ക് സൗകര്യപ്രദമായ, ഇഷ്ടപ്രകാരമുള്ള സ്‌കൂള്‍ യൂണിഫോം ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവേണ്ടതുണ്ടെന്ന് ലോക്‌സഭാംഗവും കോണ്‍ഗ്രസ്സ് നേതാവുമായ ശശിതരൂര്‍. യൂണിഫോം തിരഞ്ഞെടുക്കാനാവണം എന്ന അഭിപ്രായക്കാരനാണ് താന്‍ എന്നും ശശി തരൂര്‍ പറഞ്ഞു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിലേക്ക് സ്‌കൂളുകള്‍ മാറേണ്ടതിന്റെ ആവശ്യകത മുന്‍നിര്‍ത്തിയുള്ള മാതൃഭൂമി ക്യാമ്പയിനില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അംഗീകൃതമായ യൂണിഫോം ചട്ടത്തിനുള്ളില്‍ നിന്നുകൊണ്ട് തന്നെ തങ്ങള്‍ക്ക് സൗകര്യപ്രദമായ സ്‌കൂള്‍ യൂണിഫോം ധരിക്കാനുള്ള സ്വാതന്ത്ര്യം പെണ്‍കുട്ടികള്‍ക്കുണ്ടാവേണ്ടതുണ്ട്. ‘ഉദാഹരണത്തിന് പാവാട, ധാവണി, ചുരിദാര്‍, ട്രൗസര്‍, എന്നിവയില്‍ നിന്ന് പെണ്‍കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും സൗകര്യപ്രദമായവ തിരഞ്ഞെടുക്കാനുള്ള സാഹചര്യമുണ്ടാവണം. പാവാട അവര്‍ക്ക് സൗകര്യപ്രദമല്ലെങ്കില്‍ അത് ധരിക്കാന്‍ ഒരു പെണ്‍കുട്ടിയെയും നിര്‍ബന്ധിക്കരുത്. അതുപോലെ തന്നെ ആണ്‍കുട്ടികള്‍ സാധാരണ ധരിക്കാറുള്ള പാന്റുകള്‍ ധരിക്കേണ്ടതും പെണ്‍കുട്ടികള്‍ക്ക് ബാധ്യതയായി മാറരുത്. യൂണിഫോമിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്ന് കൊണ്ട് തന്നെ ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം പെണ്‍കുട്ടികള്‍ക്കുണ്ടാവേണ്ടതുണ്ട്’, തരൂര്‍ അഭിപ്രായപ്പെട്ടു.

‘ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുകളിലേക്ക് സ്‌കൂളുകള്‍ മാറേണ്ടതുണ്ട്’ എന്ന ആശയം മുന്‍നിര്‍ത്തി മാതൃഭൂമി ഡോട്ട്‌കോം തുടങ്ങിവെച്ചതാണ് ‘അണിയാം തുല്യതയുടെ യൂണിഫോം’ എന്ന ക്യാമ്പയിന്‍.