‘ജയ് ഭീം’;യഥാര്‍ഥ സെന്‍ഗിണിയായ പാര്‍വ്വതി അമ്മാളിന് കൈത്താങ്ങായി നടന്‍ രാഘവ ലോറന്‍സ്

സൂര്യ നായകനായെത്തിയ ജയ് ഭീം എന്ന ചിത്രത്തിലെ സെങ്കിണി എന്ന കഥാപാത്രത്തിന് പ്രചോദനമായ പാര്‍വതി അമ്മാളിനും കുടുംബത്തിനും പുതിയ വീട് നിര്‍മ്മിക്കാന്‍ സഹായം പ്രഖ്യാപിച്ച് നടന്‍ രാഘവ ലോറന്‍സ്. ചെന്നൈ പോരൂരിലെ ഓലമേഞ്ഞ കുടിലില്‍ മകള്‍ക്കും മരുമകനും പേരക്കുട്ടികള്‍ക്കുമൊപ്പമാണ് പാര്‍വതി ഇപ്പോള്‍ താമസിക്കുന്നത്.

‘ഒരു തെറ്റും കൂടാതെ കൊല ചെയ്യപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാര്‍വതി അമ്മാളിന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ച് അറിഞ്ഞപ്പോള്‍ മനസ് സങ്കടപ്പെട്ടു. ഒരു യൂട്യൂബ് ചാനലിലെ ഒരു പ്രോഗ്രാമില്‍ നിന്നാണ് അവരുടെ ഇപ്പോഴത്തെ ദുരവസ്ഥയെക്കുറിച്ച് താന്‍ അറിഞ്ഞത്. പാര്‍വതിക്ക് വീട് വെച്ചു നല്‍കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു’, ലോറന്‍സ് പറയുന്നു. സെങ്കിണിക്ക് നല്ല വീടും നഷ്ടപരിഹാരവും പ്രഖ്യാപിക്കുന്നതായാണ് സിനിമയില്‍ കാണിക്കുന്നത്.

ജസ്റ്റിസ് ചന്ദ്രുവിന്റെ വക്കില്‍ ജീവിതത്തിലെ ഒരു കേസാണ് സിനിമക്ക് ആധാരം. ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രം തൊണ്ണൂറുകളില്‍ നടന്ന സംഭവങ്ങളാണ് പകര്‍ത്തുന്നത്. ചിത്രത്തിന് പ്രചോദനമേകിയത് ആദിവാസികളിലെ കുറുവ വിഭാഗത്തിന് നേരെ ഉണ്ടായ പോലീസ് ആക്രമണമാണ്. ‘ജയ് ഭീം’ റിലീസ് ആയതോടെ ഈ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാര്‍വതിയുടെ ഇപ്പോഴത്തെ അവസ്ഥയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ നടി ലിജോ മോള്‍ ഏറെ പ്രശംസയര്‍ഹിക്കുന്ന അഭിനയമാണ് കാഴ്ച വെച്ചത്.