മുല്ലപ്പെരിയാര്‍; തമിഴ്‌നാടിന് മരം മുറിക്കാന്‍ അനുമതിയുണ്ടെന്ന് വ്യക്തമാക്കി കേരളം

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബി ഡാം പരിസരത്തെ മരംമുറി സംബന്ധിച്ച് കേരള സര്‍ക്കാരിന് ഒന്നും അറിയില്ലെന്ന വിവാദം ചൂടുപിടിക്കുമ്പോഴാണ് ഉത്തരവിന് പിന്നില്‍ നടന്ന കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നത്. മരം മുറിക്കാന്‍ തമിഴ്‌നാടിന് അനുമതിയുണ്ടെന്ന് വ്യക്തമാക്കി കേരള സര്‍ക്കാര്‍ രംഗത്ത്. മൂല പാട്ടക്കരാറിലെ അഞ്ചാം ക്ലോസ് പ്രകാരം അറ്റകുറ്റപ്പണിക്കായി മരം മുറിക്കാന്‍ തമിഴ്‌നാടിന് അനുമതിയുണ്ടെന്നാണ് കേരളം വ്യക്തമാക്കുന്നത്.

മുല്ലപ്പെരിയാര്‍ സംബന്ധിച്ച് തമിഴ്‌നാടും തിരുവിതാംകൂറും തമ്മില്‍ 1886-ല്‍ ഒപ്പുവെച്ച മൂലകരാറിലാണ് ഡാമിന്റെ അറ്റകുറ്റപ്പണിക്കായി ഈ പ്രദേശത്തെ മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതിയുണ്ടെന്ന് വ്യക്തമാക്കുന്നത്. എന്നാല്‍, ഇത്തരത്തില്‍ മുറിക്കുന്ന മരങ്ങളും അതിന്റെ അവശിഷ്ടങ്ങളും പെരിയാര്‍ ടൈഗര്‍ റിസേര്‍വിന്റെ ഭാഗമായതിനാല്‍ അവിടെ തന്നെ നിക്ഷേപിക്കണമെന്ന് കരാറില്‍ പ്രത്യേകം എടുത്തു പറയുന്നുണ്ട്. 1970-ല്‍ പാട്ടക്കരാര്‍ ഭേദഗതി ചെയ്തിരുന്നു. അപ്പോള്‍ ഇന്ത്യാ രാജ്യം നിലവില്‍ വന്നിരുന്നതിനാല്‍ രാജ്യത്തെ നിയമങ്ങളും ഇതിന് ബാധകമാണ്. തമിഴ്‌നാടിന് മരങ്ങള്‍ മുറിക്കാനും അറ്റകുറ്റപ്പണി നടത്താനും അനുമതിയുണ്ടെന്ന കാര്യം കേരളത്തിന് നേരത്തെ തന്നെ വ്യക്തമായി അറിയാമായിരുന്നുവെന്നതാണ് നടപടിക്രമങ്ങള്‍ സംബന്ധിച്ച ഉത്തരവ് പുറത്തുവരുമ്പോള്‍ വ്യക്തമാകുന്നത്.

1970-ല്‍ കരാര്‍ പുതുക്കിയതിനാല്‍ മൂലകരാറില്‍ പറയുന്ന കാര്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് മുല്ലപ്പെരിയാര്‍ സംബന്ധിച്ച കേസുകള്‍ സുപ്രീം കോടതിയില്‍ വരുമ്പോള്‍ തമിഴ്‌നാട് വാദിക്കാറുള്ളത്. കരാര്‍ ഒപ്പിട്ടത് ഇന്ത്യയിലെ നിയമങ്ങള്‍ വരുന്നതിന് മുന്‍പാണെന്ന കേരളത്തിന്റെ വാദത്തെ തമിഴ്‌നാട് എതിര്‍ക്കുന്നതും 1970-ലെ ഭേദഗതി ചൂണ്ടിക്കാണിച്ചാണ്.