കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനല്‍ നിര്‍മ്മാണത്തില്‍ നടന്നത് പകല്‍ക്കൊള്ള; രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്‌

തിരുവനന്തപുരം: കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കെട്ടിട നിര്‍മ്മാണത്തിന്റെ പേരില്‍ കോഴിക്കോട് നടന്നത് പകല്‍ കൊള്ളയാണെന്ന് സതീശന്‍ ആരോപിച്ചു.

2008 ലാണ് സമുച്ചയ നിര്‍മ്മാണത്തിന് മുന്‍കൂര്‍ നിര്‍മ്മാണ അനുമതി കൊടുക്കുന്നത്. എന്നാല്‍, നിര്‍മ്മാണത്തിന് കോര്‍പ്പറേഷന്റെ അനുമതി കിട്ടാതെയാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ തറക്കല്ലിടുന്നത്. നാല് സ്ഥലങ്ങളില്‍ ടെര്‍മിനല്‍ നിര്‍മ്മിച്ചതിലൂടെ കെഎസ്ആര്‍ടിസിക്ക് മേല്‍ നൂറു കോടിയോളം രൂപയുടെ അധിക ബാധ്യതയാണ് സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. സമുച്ചയത്തിന്റെ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറിയതില്‍ ദുരൂഹതയുണ്ടെന്നും, പ്രതിപക്ഷത്തിന്റെ വായ് മൂടിക്കെട്ടാമെന്ന് കരുതേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കെട്ടിടത്തിന്റെ ഉദ്ഘാടനം മാത്രമാണ് ഉമ്മന്‍ ചാണ്ടി ചെയ്തതെന്നും സതീശന്‍ പറഞ്ഞു. പദ്ധതി അംഗീകരിച്ചതും, നിര്‍മ്മാണ കമ്പനിയെ തീരുമാനിച്ചതും കെട്ടിടത്തിന്റെ നടത്തിപ്പ് മറ്റൊരു കമ്പനിക്ക് കൈമാറിയതും എല്ലാം ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ്. ഇതിനു പിന്നില്‍ ഇടനിലക്കാരുണ്ട്. 19 കോടി നിര്‍മ്മാണ ചിലവ് പ്രതീക്ഷിച്ച പദ്ധതി പൂര്‍ത്തിയായപ്പോള്‍ 78 കോടിയായി. പകല്‍ക്കൊള്ളയാണ് കോഴിക്കോട് നടന്നത്- പ്രതിപക്ഷ നേതാവ് ആരോപിച്ചു.

.