തിരുവനന്തപുരം: ദത്തുവിവാദത്തില്‍ അനുപമക്കെതിരായ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് എതിരെ കേസ് എടുക്കില്ലെന്ന് പോലീസ് അറിയിച്ചു. അനുപമയുടെ പരാതിയില്‍ ശ്രീകാര്യം പോലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ചെന്നും, കേസ് എടുക്കാനുള്ള തെളിവുകളില്ലെന്നും അതിനാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാകില്ലെന്നുമാണ് പോലീസിന്റെ വിശദീകരണം.
സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന ‘സമം’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം ക്യാംപസില്‍ ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. അനുപമയുടെ പങ്കാളി അജിത്തിനെ പേര് പറയാതെ വിമര്‍ശിക്കുകയായിരുന്നു.
മന്ത്രിയുടെ വാക്കുകള്‍
‘കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന്‍ ജയിലിലേക്ക് പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം.
എനിക്കും മൂന്നു പെണ്‍കുട്ടികളായത് കൊണ്ടാണ് പറയുന്നത്. പഠിപ്പിച്ച് വളര്‍ത്തി സ്ഥാനത്തെത്തിച്ചപ്പോള്‍ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞുപോയത് ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കള്‍ കണ്ടിട്ടുണ്ടാവുക. പക്ഷേ, എങ്ങോട്ടാണ് പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടുമൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടില്‍ നടക്കുന്നത്.’

