ഇന്ധന വില; സമരം ശക്തമാക്കാന്‍ കോണ്‍ഗ്രസ്; വി.ഡി സതീശന്‍ ചക്ര സ്തംഭന സമരത്തില്‍ പങ്കെടുക്കാത്തതില്‍ സുധാകരന് അതൃപ്തി

ഇന്ധനവില കുറക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിന്റെ അടുത്തഘട്ടം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. കെപിസിസി അടിയന്തര ഭാരവാഹി യോഗം ഇന്ന് ചേരും. നടന്‍ ജോജുവിന്റെ കാര്‍ ആക്രമിച്ച കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിന് ശേഷം ചേരുന്ന ഭാരവാഹി യോഗത്തില്‍ ഇക്കാര്യത്തില്‍ എന്ത് നിലപാട് എടുക്കണമെന്നും ചര്‍ച്ച ചെയ്യും.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ചക്ര സ്തംഭന സമരത്തില്‍ പങ്കെടുക്കാത്തതില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് അതൃപ്തിയുണ്ട്. റോഡുപരോധിച്ചുള്ള സമരത്തെ സതീശന്‍ എതിര്‍ക്കുന്നുണ്ട്. എന്നാല്‍, തെരുവില്‍ സമരം ശക്തമാക്കാന്‍ തന്നെയാണ് സുധാകരന്റെ തീരുമാനം.

അതേസമയം, നടന്‍ ജോജു-കോണ്‍ഗ്രസ് ഏറ്റുമുട്ടല്‍ പുതിയ തലത്തിലേക്ക്. എറണാകുളം ജില്ലയില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സിനിമ ഷൂട്ടിങ്ങുകള്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഷൂട്ടിങ് സെറ്റുകളിലെ ലഹരി ഉപയോഗത്തിനെതിരെയും പ്രക്ഷോഭം ശക്തമാക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിന് ശേഷമുള്ള ഭാരവാഹി യോഗത്തില്‍ ജോജു-കോണ്‍ഗ്രസ് വിഷയത്തില്‍ എന്ത് നിലപാട് എടുക്കണമെന്നും ചര്‍ച്ചയുണ്ടാകും.