മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 142 അടിയാക്കും; തമിഴ്നാട് ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുകൻ

ചെന്നൈ: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 142 അടിയാക്കുമെന്ന് വ്യക്തമാക്കി തമിഴ്നാട് സർക്കാർ. നവംബർ 30-ന് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തുമെന്ന് ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുകൻ അറിയിച്ചു. ജലനിരപ്പ് ഉയർത്താത്തതിലെ ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കേരളവുമായി പ്രശ്നങ്ങൾക്ക് താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാറിലെ കാര്യങ്ങൾ സുപ്രീം കോടതി പറയുന്നത് അനുസരിച്ചാണ് നടക്കുകയെന്നും മന്ത്രി വിശദമാക്കി.

മുല്ലപ്പെരിയാർ ബേബിഡാമിന് സമീപത്തെ മരം മുറിക്കുന്നതിന് തമിഴ്നാട് സർക്കാരിന് അനുമതി നൽകിയ ഉത്തരവ് മരവിപ്പിച്ചതിൽ ഇടപെടാനില്ലെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. കേരളത്തിന്റെ തീരുമാനം തമിഴ്നാട് മാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രണ്ട് സംസ്ഥാനങ്ങൾ തമ്മിൽ പ്രശ്നത്തിനില്ല. വൈകാരിക വിഷയത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം അണക്കെട്ടിലെ ജലനിരപ്പ് 136 അടിയാക്കണമെന്നാണ് മുല്ലപ്പെരിയാർ സമരസമിതി ഉന്നയിക്കുന്ന ആവശ്യം.