വീണ്ടും ഒരു നവംബര്‍ 8; നോട്ട് നിരോധനത്തിന്റെ അഞ്ച് വര്‍ഷങ്ങള്‍

രാജ്യത്തെ നോട്ട് നിരോധനത്തിന് ഇന്ന് അഞ്ചാം ആണ്ട്. നരേന്ദ്രമോദി സർക്കാർ നോട്ട് നിരോധനം നടപ്പാക്കിയിട്ട് ഇന്ന് അഞ്ച് വർഷം പൂർത്തിയാകുമ്പോൾ സാമ്പത്തിക രംഗത്ത് ഇന്ത്യ മികച്ച നേട്ടമാണ് കൈവരിച്ചിരിക്കുന്നത് എന്നാണ് കേന്ദ്രസര്ക്കാര്‍ അവകാശപ്പെടുന്നത്.ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കി 2016 നവംബര്‍ 8ന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപാ നോട്ടുകള്‍ നിരോധിച്ച് കൊണ്ടുള്ള പ്രഖ്യാപനം നടത്തുന്നത്.

കറന്‍സി ഉപയോഗം കുറച്ചുകൊണ്ട് ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങളിലേക്കു മാറുകയെന്ന പ്രധാന ലക്ഷ്യമായിരുന്നു നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തിന് പിന്നില്‍. കള്ളപ്പണവും വ്യാജ നോട്ടുകളും തടയുക, പൂഴ്ത്തി വെച്ച നോട്ടുകള്‍ തിരികെ ബാങ്കിലെത്തിക്കുക, വ്യാജ നോട്ടുകള്‍ ഉപയോഗിച്ചുള്ള തീവ്രവാദം തടയുക, ഡിജിറ്റലൈസേഷന്‍ വര്‍ദ്ധിപ്പിക്കുക എന്നിവയായിരുന്നു മറ്റു പ്രധാന ഉദ്ദേശങ്ങള്‍. എന്നാല്‍ പൊതുജനങ്ങളുടെ പക്കലുള്ള കറന്‍സിയുടെ ആകെ മൂല്യത്തില്‍ 57.48 % വര്‍ധനയുണ്ടായെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016 നവംബര്‍ 4ന് മുമ്പ് 17.74 ലക്ഷം കോടി രൂപയുടെ കറന്‍സി നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. എന്നാല്‍, ഇത് 2021 ഒക്ടോബര്‍ 29ന് 29.17 ലക്ഷം കോടി രൂപയിലെത്തിയെന്നാണ് റിസര്‍വ് ബാങ്ക് കണക്കുകള്‍.

നോട്ട് അസാധുവാക്കലിനെ തുടര്‍ന്നാണ് രാജ്യത്ത് ഡിജിററല്‍ പണമിടപാടുകളില്‍ റെക്കോര്‍ഡ് വര്‍ദ്ധന രേഖപ്പെടുത്തിയത്.യുപിഐ ഇടപാടുകൾ വർദ്ധിച്ചു. എന്നാല്‍, ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച തീരുമാനമാണെന്നും അന്ന് മോദി നല്‍കിയ ഒരു വാഗ്ദാനം പോലും നടപ്പായിട്ടില്ലെന്നുമാണ് പ്രതിപക്ഷപാര്‍ട്ടികളുടെ ആരോപണം.