വ്യാജമദ്യ ദുരന്തം; മരണം 38 ആയി; ബോധവല്‍ക്കരണം ശക്തമാക്കുമെന്നും ബീഹാര്‍ മുഖ്യമന്ത്രി

പാറ്റ്‌ന: ബീഹാറില്‍ കഴിഞ്ഞ ദിവസമുണ്ടായ വ്യാജ മദ്യ ദുരന്തത്തില്‍ മരണം 38 ആയി. ബേട്ടിയില്‍ 15 ഉം ഗോപാല്‍ഗഞ്ചില്‍ 11 ഉം മുസാഫര്‍പൂര്‍ ഹാജിപൂര്‍ എന്നിവിടങ്ങളില്‍ ആറ് പേരുമാണ് മരിച്ചത്. ബീഹാറില്‍ 11 ദിവത്തിനിടെ ഉണ്ടാവുന്ന മൂന്നാമത്തെ വ്യാജമദ്യ ദുരന്തമാണിത്.

ഒക്ടോബര്‍ 24ന് സിവാന്‍ ജില്ലയിലും ഒക്ടോബര്‍ 28ന് സാരായ ജില്ലയിലും എട്ട് പേര്‍ മരിച്ചിരുന്നു. അടുത്തടുത്ത ജില്ലകളിലാണ് മദ്യദുരന്തം ഉണ്ടാകുന്നത് സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം വെസ്റ്റ് ചാമ്പാരനിലും വിഷമദ്യ ദുരന്തം സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട പലര്‍ക്കും ചര്‍ദ്ദിയും, തലവേദനയും, കാഴ്ച പ്രശ്‌നവും നേരിടുന്നുണ്ട്. ചൊവ്വാഴ്ച മുതല്‍ ഗോപാല്‍ഗഞ്ച്, വെസ്റ്റ് ചമ്പാരന്‍ ജില്ലകളില്‍ മദ്യം കഴിച്ചതുമായി ബന്ധപ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അതേസമയം കുറ്റക്കാരെ പിടികൂടുമെന്നും മദ്യത്തിനെതിരെ ബോധവല്‍ക്കരണം ശക്തമാക്കുമെന്നും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു. പ്രഥമിക അന്വേഷണം പൂര്‍ത്തിയാകുന്നതോടെ മാത്രമേ കൂടുതല്‍ വിവരം വെളിപ്പെടുത്താന്‍ സാധിക്കൂ എന്ന്് ഗോപാല്‍ഗഞ്ച് ജില്ല എസ്.പി ഉപേന്ദ്ര നാഥ് വര്‍മ്മ പറഞ്ഞു.