ന്യൂഡൽഹി: പാർലമെന്റ് അംഗങ്ങൾക്കും കേന്ദ്ര സർക്കാർ ജീവനക്കാർക്കും നൽകിയിരുന്ന സൗജന്യ ക്രെഡിറ്റ് സംവിധാനം അവസാനിപ്പിച്ച് എയർ ഇന്ത്യ. സർക്കാരിൽനിന്ന് എയർ ഇന്ത്യയെ ടാറ്റയുടെ കീഴിലുള്ള ടാലസ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് ഇളവുകൾ അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
കേന്ദ്ര സർക്കാർ ജീവനക്കാരുടെ യാത്രാ ചെലവുകൾ എക്സ്പെന്റിച്ചർ മന്ത്രാലയമാണ് ഇതുവരെ കൈകാര്യം ചെയ്തിരുന്നത്. ഇത്തരം വിമാന യാത്രാ ചെലവുകൾ യാത്രയ്ക്കു ശേഷം മാസങ്ങൾ കഴിഞ്ഞാണ് എയർ ഇന്ത്യയ്ക്കു ലഭിച്ചിരുന്നത്. ഇത് കമ്പനിയുടെ നഷ്ടത്തിന് കാരണമായതായാണ് വിലയിരുത്തൽ. ജനപ്രതിനിധികൾക്കും കേന്ദ്ര സർക്കാർ ജീവനക്കാർക്കും ഇനി മുതൽ അവരുടെ ഇഷ്ട പ്രകാരം നിരക്കുകൾ നോക്കി ഏതു വിമാന സർവീസ് വേണമെങ്കിലും ഉപയോഗിക്കാമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്. ഡിപ്പാർട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ്(ദിപം) സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെയാണ് ഇക്കാര്യം അറിയിച്ചത്.
അനാവശ്യച്ചെലവുകൾ കണ്ടെത്തി അവ കുറയ്ക്കുകയാണ് ടാറ്റയുടെ ആദ്യ നടപടിയെന്നാണു റിപ്പോർട്ടുകൾ. വിമാനങ്ങളുടെ നവീകരണം, ജീവനക്കാർക്കുള്ള ഫ്രീ പാസ് വെട്ടിച്ചുരുക്കൽ, പുതിയ റൂട്ടുകൾ കണ്ടെത്തൽ, വിമാനങ്ങളുടെ പരിപാലന ചെലവ് എന്നിവയിലെല്ലാം മാറ്റങ്ങൾ ഉണ്ടാകും. അതേസമയം ജീവനക്കാരുടെ കാര്യത്തിലാണ് ആശങ്ക നിലനിൽക്കുന്നത്. സർക്കാരുമായുള്ള കരാർ പ്രകാരം ഒരു വർഷത്തേയ്ക്ക് ആരെയും പിടിച്ചുവിടാൻ ടാറ്റയ്ക്ക് കഴിയില്ല. പൊതുമേഖലാ വിമാന കമ്പനിയായ എയർ ഇന്ത്യയുടെ പൂർണമായ കൈമാറ്റം ഈ വർഷം ഡിസംബറോടെ സാധ്യമാകുമെന്നാണു വിലയിരുത്തൽ. 18,000 കോടി രൂപയ്ക്കാണ് ടാറ്റയുടെ ടാലസ് എയർ ഇന്ത്യയെ സ്വന്തമാക്കിയത്.

