ന്യൂഡൽഹി: ആഢംബര കപ്പലിൽ നടന്ന ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ ചുമതലയിൽ നിന്ന് മുതിർന്ന എൻസിബി ഉദ്യോഗസ്ഥൻ സമീർ വാംഖഡെയെ ഒഴിവാക്കി. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട കേസിന്റെ അന്വേഷണ ചുമതല ഇനി മുതിർന്ന ഉദ്യോഗസ്ഥൻ സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തിനാണ്. കൈക്കൂലി ആരോപണം നേരിടുന്നതിനാലാണ് കേസിൽ നിന്നും സമീർ വാംഖഡെയെ ഒഴിവാക്കിയത്.
കേസുമായി ബന്ധപ്പെട്ട് കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് സമീർ വാംഖഡെയ്ക്ക് എതിരെ ഉയർന്ന ആരോപണം. സംഭവത്തിൽ വാംഖഡെ വിജിലൻസ് അന്വേഷണവും നേരിടുന്നുണ്ട്. കേസിലെ സാക്ഷികളിലൊരാൾ തന്നെ 25 കോടി രൂപയുടെ കൈക്കൂലി ആരോപണം ഉന്നയിച്ചതോടെയാണ് വാഖഡെക്കെതിരെ എൻ.സി.ബി. അന്വേഷണം പ്രഖ്യാപിച്ചത്.
കേസിലെ സാക്ഷിയായ പ്രഭാകർ സെയിലിന്റെ ആരോപണങ്ങളെ സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് മുംബൈയിലെ എൻ.സി.ബി. ഉദ്യോഗസ്ഥർ ഡയറക്ടർ ജനറലിന് കൈമാറിയിരുന്നു. തുടർന്നാണ് സമീർ വാംഖഡെക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.

