ഇന്ധന നികുതി: കേന്ദ്രത്തെ മാതൃകയാക്കാന്‍ സംസ്ഥാനം തയ്യാറാവണം; ഇല്ലെങ്കില്‍ വ്യാപക പ്രക്ഷോഭമെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: ഇന്ധന വിലയുടെ കാര്യത്തില്‍ കെ. സുധാകരന് പുറമെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേന്ദ്ര സര്‍ക്കാരിനെ മാതൃകയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് ഇന്ധന തീരുവ കുറക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. ഇന്ധന വില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെ പഴി ചാരി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്രത്തെ കുറ്റം പറഞ്ഞ് ഇനിയും രക്ഷപ്പെടാന്‍ കഴിയില്ലെന്നും സര്‍ക്കാരിന്റെ അടവുകള്‍ പൊളിഞ്ഞെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

എന്നാല്‍, കേരളത്തില്‍ നികുതി കുറക്കില്ലെന്ന് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. ‘നികുതി കുറക്കാന്‍ കേരളത്തിന് പരിമിതിയുണ്ട്, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ വര്‍ഷം മാത്രം കേരളത്തിനുള്ള വിഹിതമായ 6400 കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. 30 രൂപയിലധികമാണ് കേന്ദ്രം ഇന്ധനവില വര്‍ധിപ്പിച്ചത്. കൊവിഡ് കാരണം സര്‍ക്കാരിന് മേലുള്ളത് അധികഭാരമാണെന്നും’ മന്ത്രി വ്യക്തമാക്കിയിരുന്നു.

അതേസമയം കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില കുറച്ചതിനെ തുടര്‍ന്നുള്ള ഇളവുകള്‍ കേരളത്തിലും പ്രാബല്യത്തില്‍ വന്നു. സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 6.07 രൂപയും ഡീസലിന് 12.37 രൂപയുമാണ് കുറഞ്ഞത്.