ജോലി ചെയ്യാതെ കൂലിയില്ല ; കെഎസ്ആര്‍ടിസി സമരത്തെ നേരിടാന്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ശനിയാഴ്ച അര്‍ദ്ധരാത്രി വരെ കെഎസ്ആര്‍ടിസി തൊഴിലാളി സംഘടനകള്‍ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ തളളിവിട്ട സമരത്തിലേക്ക് പോകുന്നുവെന്നാണ് യൂണിയനുകള്‍ അറിയിച്ചത്. 2011ല്‍ നടപ്പാക്കിയ ശമ്പളപരിഷ്‌കരണം അനുസരിച്ചുളള ശമ്പളമാണ് ഇപ്പോഴും ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ എട്ട് മാസത്തെ സമയം സര്‍ക്കാരിന് നല്‍കി. എന്നിട്ടും തീരുമാനമുണ്ടായില്ലെന്നാണ് യൂണിയനുകള്‍ കുറ്റപ്പെടുത്തുന്നത്.

അതേസമയം, യൂണിയനുകള്‍ ആവശ്യപ്പെടുന്നത് വലിയ ശമ്പള വര്‍ദ്ധനയാണെന്നും, പിടിവാശി അവസാനിപ്പിക്കണമെന്നും ഗതാഗതമന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു. യൂണിയനുകള്‍ ആവശ്യപ്പെടുന്ന വിഷയം പരിഗണിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും മന്ത്രി വ്യക്തമാക്കി.