മുഖം രക്ഷിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമം; പെട്രോളിനും ഡീസലിനുമുള്ള എക്സൈസ് തീരുവ കുറച്ചതിൽ പ്രതികരണവുമായി ധനമന്ത്രി

തിരുവനന്തപുരം: പെട്രോളിനും ഡീസലിനുമുള്ള എക്സൈസ് തീരുവയിൽ കേന്ദ്ര സർക്കാർ ഇളവ് പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. മുഖം രക്ഷിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമം മാത്രമാണ് ഇപ്പോൾ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് പെട്രോളിനും ഡീസലിനും മേൽ ചെലുത്തിയിരുന്ന പ്രത്യേക എക്‌സൈസ് നികുതിയിൽ ചെറിയ കുറവ് വരുത്താൻ കേന്ദ്ര ഗവൺമെന്റ് ഇന്ന് തയ്യാറായിട്ടുണ്ട്. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും ആണ് ഇതുവഴി കുറയുക. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ഒരു ലിറ്റർ ഡീസലിനും പെട്രോളിനും മേൽ 30 രൂപയിലധികം പ്രത്യേക നികുതിയും സെസും കേന്ദ്ര ഗവൺമെന്റ് ചുമത്തിയിരുന്നു. സംസ്ഥാനങ്ങൾക്ക് വീതം വെക്കേണ്ടതില്ലാത്ത ഈ നികുതിവരുമാനം പെട്രോളിയത്തിന്റെ അന്തർദേശീയ വിലവ്യതിയാനങ്ങളുമായി ബന്ധമില്ലാതെ കേന്ദ്രം ചുമത്തുന്ന അധിക നികുതിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പെട്രോളിനും ഡീസലിനും മേലുള്ള സംസ്ഥാന നികുതി കഴിഞ്ഞ ആറു വർഷമായി ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെന്റുകൾ വർധിപ്പിച്ചിട്ടില്ല. മാത്രമല്ല ഇക്കാലയളവിൽ ഒരു തവണ നികുതി കുറയ്ക്കുകയും ചെയ്തു. നിലവിലുള്ള കേന്ദ്ര നികുതിക്കു പുറമെ പ്രത്യേക നികുതിയായും സെസ് ആയും കേന്ദ്രം വസൂലാക്കിക്കൊണ്ടിരുന്ന മുപ്പതിലധികം രൂപ ഓരോ ലിറ്റർ ഡീസൽ നിന്നും പെട്രോളിൽ നിന്നും അടിയന്തരമായി കുറവ് ചെയ്ത് ജനങ്ങളെ സഹായിക്കുകയാണ് കേന്ദ്രം ചെയ്യേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എക്സൈസ് തീരുവയിൽ പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് പത്ത് രൂപയുമാണ് കേന്ദ്ര സർക്കാർ ഇളവ് വരുത്തിയത്. വ്യാഴാഴ്ച്ച മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും.