തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഒരു ഡോസ് വാക്‌സിനെടുത്തവര്‍ക്കും ഇനി സിനിമാ തിയേറ്ററുകളില്‍ പ്രവേശനാനുമതി. വിവാഹചടങ്ങുകളിലും മരണചടങ്ങുകളിലും കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാമെന്നും ധാരണയായി. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഒക്ടോബറില്‍ തിയേറ്ററുകള്‍ തുറന്നെങ്കിലും ചലച്ചിത്രരംഗത്തെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിന്റെ സഹായം വേണമെന്ന് വിവിധ ചലച്ചിത്ര സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും തിയേറ്ററുകളില്‍ പ്രവേശനം നല്‍കാന്‍ തീരുമാനമായത്. നേരത്തെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് തിയേറ്ററുകളില്‍ പ്രവേശനം ഉണ്ടായിരുന്നത്.
അതേസമയം, ഇരുന്നൂറ് പേര്‍ക്ക് വരെ പങ്കെടുക്കാന്‍ അനുമതി നല്‍കാനും തീരുമാനമായി. ഓഡിറ്റോറിയങ്ങളില്‍ നടക്കുന്ന വിവാഹ ചടങ്ങുകളില്‍ നൂറ് പേര്‍ക്ക് വരെ പങ്കെടുക്കാം. തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന വിവാഹചടങ്ങുകളില്‍ ഇരുന്നൂറ് പേര്‍ക്ക് വരെ പങ്കെടുക്കാന്‍ അനുമതിയുണ്ടാവും.

