കൊച്ചി: അപ്പാര്‍ട്ട്‌മെന്റില്‍ അരുമ മൃഗങ്ങളെ വളര്‍ത്തുന്നത് തടയാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവ്. പീപ്പിള്‍ ഫോര്‍ അനിമല്‍സ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, പി. ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
മൃഗങ്ങളെ വളര്‍ത്തുന്നതില്‍ വിലക്കുന്നത് നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. റസിഡന്റ്‌സ് അസോസിയേഷനുകളുടെ ഇത്തരം നിബന്ധനകള്‍ നടപ്പാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, അനിയന്ത്രിതമായ അവകാശങ്ങളല്ല മൃഗങ്ങള്‍ക്കും ഉടമകള്‍ക്കും ഉളളതെന്നും സമീപ അപ്പാര്‍ട്ട്‌മെന്റുകളുടെ ഉടമക്കോ താമസക്കാര്‍ക്കോ ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും കോടതി പറഞ്ഞു.
വളര്‍ത്ത് മൃഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ള ബോര്‍ഡുകളും നോട്ടീസുകളും പാടില്ലെന്നും, നിരോധിക്കുന്നതിനു പകരം ന്യായമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താന്‍ അസോസിയേഷനുകള്‍ക്ക് അനുവാദമുണ്ടെന്നും വ്യക്തമാക്കി. കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് 2015 ഫെബ്രുവരി 26ന് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളും ഉത്തരവിന്റെ ഭാഗമാക്കിയിട്ടുണ്ട്. വളര്‍ത്തു മൃഗങ്ങള്‍ക്കായി ലിഫ്റ്റ് അടക്കമുള്ള സൗകര്യങ്ങളും പൊതുസ്ഥലങ്ങളും വിലക്കുന്ന വ്യവസ്ഥകള്‍ നിയമപരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

