ഖേല്‍രത്‌നയില്‍ തിളങ്ങി താരങ്ങള്‍; ശ്രീജേഷ്, നീരജ് ചോപ്ര ഉള്‍പ്പെടെ 12 പേര്‍ക്ക് പുരസ്‌കാരം

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരം പ്രഖ്യാപിച്ചു. ടോക്യോ ഒളിമ്പിക്‌സില്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയ മലയാളി ഹോക്കി താരം പിഎസ് ശ്രീജേഷും സ്വര്‍ണമെഡല്‍ ജേതാവായ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയും അടക്കം 12 കായിക താരങ്ങള്‍ക്കാണ് ഈ വര്‍ഷത്തെ ഖേല്‍രത്‌ന പുരസ്‌കാരം.

കായിക മന്ത്രാലയമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടിയ ഗുസ്തി താരം രവി ദാഹിയ, ഒളിമ്പിക്സ് വെങ്കല ജേതാവ് ലോവ്ലിന ബോര്‍ഗോഹൈന്‍, ഫുട്ബോള്‍ താരം സുനില്‍ ഛേത്രി, ക്രിക്കറ്റ് താരം മിതാലി രാജ് എന്നിവരും പുരസ്‌കാരത്തിനര്‍ഹരായി. പാരാലിമ്പിക് ഷൂട്ടര്‍ അവനി ലേഖാ അടക്കം അഞ്ച് പാരാ അത്ലറ്റുകളും ഖേല്‍രത്നപുരസ്‌കാരം നേടി.

കേന്ദ്രസര്‍ക്കാരിന്റെ ഖേല്‍രത്‌ന പുരസ്‌കാരം ലഭിക്കുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. കെ.എം ബീനോമോളും അഞ്ജു ബോബി ജോര്‍ജുമാണ് മുമ്പ് പുരസ്‌കാരത്തിനര്‍ഹരായ താരങ്ങള്‍.

ഇന്ത്യന്‍ ബാറ്റ്സ്മാന്‍ ശിഖര്‍ ധവാന്‍ അടക്കം 35 കായികതാരങ്ങള്‍ അര്‍ജുന അവാര്‍ഡിന് അര്‍ഹരായി. ധ്യാന്‍ ചന്ദ് പുരസ്‌കാരവും പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്‌കാരവും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.