വിവാദം തുടരുമോ? ഇ-മൊബിലിറ്റി പദ്ധതിയുമായി മുന്നോട്ട് പോവാന്‍ സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് വിവാദമായ ഇ- മൊബിലിറ്റി പദ്ധതിയുമായി മുന്നോട്ട് പോവാന്‍ സര്‍ക്കാരിന്റെ നീക്കം. സ്വിറ്റ്‌സര്‍ലാന്റ് കമ്പനിയായ ഹെസുമായി ജോയിന്റ് വെഞ്ച്വര്‍ കമ്പനി രൂപീകരണത്തിനായി ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന്റെയും കെഎസ്ആര്‍ടിസിയുടെയും വീഡിയോ കോണ്‍ഫറന്‍സ് യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രൈസ് വാട്ടര്‍ കൂപ്പര്‍ ഹൗസിന് ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായ ഇ-ബസ് കണ്‍സള്‍ട്ടന്‍സി നല്‍കിയതിനെയാണ് പ്രതിപക്ഷം അന്ന് എതിര്‍ത്തത്. ഹെസുമായുള്ള ധാരണ അനുസരിച്ച് 4 വര്‍ഷം കൊണ്ട് 4000 ബസുകള്‍ നിര്‍മ്മിക്കാനായിരുന്നു ആലോചന. എന്നാല്‍, ഹെസ് എന്ന കമ്പനിയെ മാത്രം മുന്‍നിര്‍ത്തി സംയുക്ത സംരഭം ആരംഭിക്കുന്നത് എന്ത് മാനദണ്ഡത്തിന്റെ പേരിലാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം.

6000 കോടി മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ആഗോള ടെന്‍ഡര്‍ വിളിച്ചിരുന്നില്ല. ഹെസിന്റെ നിര്‍ദ്ദേശ പ്രകാരം പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൗബൈല്‍ കമ്പനിയുമായി ചേര്‍ന്നു സംയുക്ത സംരഭം ആരംഭിക്കാനുള്ള നീക്കത്ത ചീഫ് സെക്രട്ടറിയും ധനസെക്രട്ടറിയും എതിര്‍ത്തിരുന്നു.