405 പദ്ധതികളുടെ സമഗ്ര മാസ്റ്റര്‍ പ്ലാനുമായി വ്യവസായ വകുപ്പ്

തിരുവനന്തപുരം: പൊതുമേഖലാ നവീകരണ നടപടികള്‍ക്കായി സമഗ്ര മാസ്റ്റര്‍ പ്ലാനുമായി വ്യവസായ വകുപ്പ് . പതിനായിരത്തോളം കോടി രൂപ മുതല്‍ മുടക്കിലാണ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയത്. ഹ്രസ്വകാല നടപടികള്‍ക്കായി 2659 കോടി, മധ്യകാല പദ്ധതികള്‍ക്കായി 2833 കോടി, ദീര്‍ഘകാലപദ്ധതികള്‍ക്കായി 3974 കോടി രൂപ മതല്‍ മുടക്കില്‍ 405 പദ്ധതികളാണ് ലക്ഷ്യമിടുന്നത്. 41 പൊതുമേഖലാ സ്ഥാപനങ്ങളെ ഏഴുമേഖലകളായി തിരിച്ചാണ് പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുന്നത്. വിശദ മാസ്റ്റര്‍പ്ലാന്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു.

മൂന്നുഘട്ടങ്ങളിലുമുള്ള നടപടികള്‍ 10 വര്‍ഷംകൊണ്ട് പൂര്‍ത്തിയാകുമ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ വിറ്റുവരവ് 17,538 കോടിയായി വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5000-ത്തില്‍പരം തൊഴിലുകളും സൃഷ്ടിക്കപ്പെടും. നവീകരണത്തിനായി വേണ്ടിവരുന്ന തുക കണ്ടെത്താന്‍ കിഫ്ബിയെയാണ് പ്രധാനമായും ആശ്രയിക്കുക. പൊതുമേഖലാ ബാങ്കുകളില്‍നിന്നുള്ള വായ്പ, പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശം നിലവിലുള്ള ഭൂമി വ്യവസായ ആവശ്യത്തിന് പാട്ടത്തിന് നല്‍കുക എന്നിവ വഴിയും പണം കണ്ടെത്താന്‍ കഴിയുമെന്ന് മാസ്റ്റര്‍ പ്ലാനില്‍ നിര്‍ദ്ദേശിക്കുന്നു. ഭൂമി വ്യവസായ ആവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് കര്‍ശന വ്യവസ്ഥയും മുന്നോട്ട് വെക്കും.

പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യവത്കരണവും വിപുലീകരണവുമാണ് ലക്ഷ്യംവെക്കുന്നത്. പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ ശാക്തീകരിക്കുക വഴി മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനാണ്‌ മാസ്റ്റര്‍ പ്ലാന്‍ ഊന്നല്‍ നല്‍കുന്നത്.