ചന്ദ്രിക കള്ളപ്പണ കേസ്; ഇബ്രാഹിം കുഞ്ഞിനെതിരായ ഇഡി അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ

കൊച്ചി: ചന്ദ്രിക കള്ളപ്പണ കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് സിംഗിള്‍ ബൈഞ്ചിന്റെ ഉത്തരവിന് രണ്ടാഴ്ചത്തേക്ക് സ്റ്റേ നല്‍കിയത്.

പാലാരിവട്ടം മേല്‍പ്പാലം അഴിമതി വഴി ലഭിച്ച പത്തുകോടി രൂപ ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്ന ആരോപണത്തില്‍ ഇഡിയും വിജിലന്‍സും അന്വേഷിക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് നല്‍കിയിരുന്നു. 2020 ഓഗസ്റ്റ് 17ന് ആയിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് കോടതി അന്വേഷണം സ്റ്റേ ചെയ്തത്.

ചികിത്സയിലിരിക്കുമ്പോള്‍ വിജിലന്‍സ് അറസ്റ്റ് ചെയ്‌തെന്ന് ഇബ്രാഹിം കുഞ്ഞ് അപ്പീലില്‍ അറിയിച്ചിരുന്നു. അന്വേഷണത്തിന്റെ പേരില്‍ വിജിലന്‍സും, ഇഡിയും പീഡിപ്പിച്ചതായും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.