കെ.എസ്.ആര്‍.ടി.സി. , യാത്രാ പ്രതിസന്ധി തുടരുന്നു. സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും നഗരങ്ങളില്‍ തിരക്കുകള്‍ കൂടാനും തുടങ്ങിയിട്ടും കൂടുതല്‍ സര്‍വ്വീസ് നടത്താതെ കെഎസ്ആര്‍ടിസി. യാത്രാക്ലേശമുണ്ടെങ്കില്‍ സ്‌കൂളുകള്‍ക്ക് ബോണ്ട് സര്‍വീസിനെ ആശ്രയിക്കാമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
തിങ്കളാഴ്ച 3420 ബസുകളാണ് കെ.എസ്.ആര്‍.ടി.സി. ഓടിച്ചത്. ഞായറാഴ്ച 2335 ബസുകള്‍ സര്‍വീസ് നടത്തി. മറ്റു ദിവസങ്ങളില്‍ 2700 മുതല്‍ 3000 ബസുകള്‍വരെ ഓടിക്കാറുണ്ട്. അധികം ബസുകള്‍ സര്‍വീസ് നടത്തിയിട്ടും പ്രധാന നഗരങ്ങളിലെല്ലാം യാത്രക്കാര്‍ ബുദ്ധിമുട്ടനുഭവിച്ചു. സ്‌കൂള്‍ ബസ് സൗകര്യം കുറവായിരുന്നതിനാല്‍ സാധാരണക്കാര്‍ കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ പൊതുഗതാഗതത്തെ ആശ്രയിക്കേണ്ടി വന്നു. എന്നാല്‍, സ്‌കൂള്‍ തുറക്കുന്നദിവസം കൂടുതല്‍ ബസുകള്‍ ഓടിച്ചിട്ടുണ്ടെന്നാണ് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ നല്‍കുന്ന വിശദീകരണം.
യാത്രാസൗകര്യം കുറവായതും സ്‌കൂള്‍ ബസ് ഓടാത്തതുമായ സ്ഥലങ്ങളില്‍ ബോണ്ട് സര്‍വീസ് നടത്തുന്നകാര്യം ചര്‍ച്ചചെയ്തിരുന്നു. യാത്രാനിരക്ക് 7,500 രൂപയില്‍നിന്ന് 5,500 രൂപയായി കുറയ്ക്കാമെന്നും അറിയിച്ചിരുന്നു. എന്നാല്‍, മിക്ക സ്‌കൂളുകളും ഇതിനു തയ്യാറായിട്ടില്ല. പ്രത്യേക മേഖലകളിലേക്ക് വിദ്യാര്‍ഥികളുടെ സൗകര്യം പരിഗണിച്ച് സര്‍വീസ് നടത്താനുള്ള സാഹചര്യം കോര്‍പ്പറേഷനില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ബസുകള്‍ ശുചീകരിക്കാനും തകരാറുകള്‍ പരിഹരിക്കാനും സമയമെടുക്കും. ലക്ഷങ്ങള്‍ അറ്റകുറ്റപ്പണിക്കായി ചെലവഴിക്കേണ്ടിവരുമെന്നും അറിയിച്ചു.

