‘മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തണം’; തമിഴ്‌നാട്ടില്‍ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി എഐഎഡിഎംകെ

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ നവംബര്‍ 9ന് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഐഎഡിഎംകെ നേതാവ് ഒ. പനീര്‍ശെല്‍വവും എടപ്പാടി പളനി സ്വാമിയും അറിയിച്ചു. അണക്കെട്ടിലെ ജലനിരപ്പ് കുറക്കാന്‍ തീരുമാനിച്ച ഡിഎംകെ സര്‍ക്കാരിനെതിരെയായിട്ടായിരിക്കും പ്രതിഷേധമെന്നാണ് സംയുക്ത പ്രസ്താവനയില്‍ പറയുന്നത്.

തമിഴ്‌നാട്ടിലെ തേനി, മധുര, ദിണ്ഡിഗല്‍, ശിവഗംഗൈ, രാമനാഥപുരം എന്നീ അഞ്ച് ജില്ലകളിലായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുകയെന്ന് നേതാക്കള്‍ അറിയിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആശങ്കക്കൊടുവില്‍ അണക്കെട്ടില്‍ നിന്ന് തമിഴ്‌നാട് ജലം പുറത്തേക്ക് ഒഴുക്കി വിട്ടിരുന്നു. ആദ്യം മൂന്ന് ഷട്ടറുകള്‍ തുറന്നെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് കുറയാത്ത സാഹചര്യത്തില്‍ വീണ്ടും മൂന്ന് ഷട്ടറുകള്‍ കൂടി തുറക്കുകയായിരുന്നു.