ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. തെരഞ്ഞടുപ്പ് പ്രചാരണത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനായാണ് തീരുമാനമെന്നാണ് അദ്ദേഹം അറിയിക്കുന്നത്. നിർണായകമായ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിക്കുകയാണെങ്കിൽ അവിടെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുന്നത് പ്രചാരണത്തെ ബാധിക്കുമെന്ന സാഹചര്യം ഒഴിവാക്കുകയാണ് സമാജ്‌വാദി പാർട്ടിയുടെ ലക്ഷ്യം.
അതേസമയം സമാജ്‌വാദി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നത് അഖിലേഷ് യാദവിനെയാണ്. തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിക്ക് വിജയം നേടാനായാൽ ഉപരിസഭയുള്ള ഉത്തർപ്രദേശിൽ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായോ ഉപതെരഞ്ഞെടുപ്പിലൂടെയോ നിയമസഭാ അംഗമായോ അഖിലേഷിന് മുഖ്യമന്ത്രിയാനാകും. ആർഎൽഡിയുമായി സഖ്യ ചർച്ചകൾ അവസാനഘട്ടത്തിലാണെന്ന് നേരത്തെ അഖിലേഷ് യാദവ് അറിയിച്ചിരുന്നു. സീറ്റ് ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം ആർഎൽഡി പ്രസിഡന്റ് ജയന്ത് ചൗധരി പ്രിയങ്കഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

