‘നോക്കുകൂലി വാങ്ങുന്നത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനം’; സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: നോക്കുകൂലി വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടു. നോക്കുകൂലി ആവശ്യപ്പെടുന്നത് ക്രിമിനല്‍ കുറ്റമാണെന്നും ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൊല്ലം സ്വദേശിയുടെ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശം.

നോക്കുകൂലിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പറഞ്ഞ കോടതി ഇത്തരം പരാതികളില്‍ പോലീസ് സ്വീകരിച്ച നടപടികള്‍ എന്തായെന്നും ചോദിച്ചു. അക്രമം നടത്തിയാലും സംരക്ഷണം ലഭിക്കുമെന്നതിനാലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

നേരത്തെയും നോക്കുകൂലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയിട്ടുണ്ട്. നോക്കുകൂലി സമ്പ്രദായം കേരളത്തില്‍ നിന്ന് പാടെ തുടച്ചു നീക്കണമെന്നായിരുന്നു കോടതി നടത്തിയ പരാമര്‍ശം.