‘വോയ്‌സ് ഓഫ് സത്യനാഥന്‍’: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് മമ്മൂട്ടി

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ‘വോയിസ് ഓഫ് സത്യനാഥന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു.

മമ്മൂട്ടിയെ കൂടാതെ മലയാളത്തിലെ നൂറോളം താരങ്ങളാണ് പോസ്റ്റര്‍ പങ്കു വെച്ചത്. ദിലീപ്-റാഫി കോംബോയിലെ പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം, ചൈനാടൗണ്‍ തുടങ്ങി മുന്‍ ചിത്രങ്ങള്‍ പോലെ തന്നെ ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും വോയ്‌സ് ഓഫ് സത്യനാഥന്‍ എന്ന് പോസ്റ്ററില്‍ നിന്നും വ്യക്തമാണ്.

ദിലീപിനെ കൂടാതെ ചിത്രത്തില്‍ ജോജു ജോര്‍ജ്, അലന്‍സിയര്‍ ലോപ്പസ്, സിദ്ദിക്, ജോണി ആന്റണി, രമേഷ് പിഷാരടി, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍, എന്നിവരും വേഷമിടുന്നു. അനുശ്രീ അതിഥിതാരമായി എത്തുന്നു എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്.