കൊച്ചി: മിസ് കേരള 2019 അന്‍സി കബീര്‍, മിസ് കേരള് 2019 റണ്ണറപ്പ് അഞ്ജന ഷാജന് എന്നിവര്‍ക്ക് കൊച്ചിയില്‍ വാഹനാപകടത്തില്‍ ദാരുണാന്ത്യം. സൗന്ദര്യ മത്സരത്തിനു മുന്നേ പരിശീലനനാളുകളില്‍ ആരംഭിച്ച സൗഹൃദമായിരുന്നു ഇരുവരുടെയും.
2019 ലെ മിസ് കേരളയായിരുന്നു ആറ്റിങ്ങല്‍ സ്വദേശിയായ അന്‍സി കബീര്‍. 2019 ലെ മിസ് കേരള റണ്ണറപ്പായ അഞ്ജന ഷാജന് തൃശൂര്‍ സ്വദേശിനിയാണ്. മിസ് കേരള മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ തുടങ്ങിയ സൗഹൃദം മത്സര ദിനങ്ങളിലും വളര്‍ന്നതോടെ ഇരുവരുടെയും സുഹൃദ്ബന്ധത്തിന് ആക്കം കൂട്ടി.
കൊച്ചിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം അഞ്ജനയുടെ തൃശൂരിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ഹോട്ടലിനു മുന്നില്‍ വെച്ചായിരുന്നു അപകടം. ഇടതുവശം ചേര്‍ന്ന് പോയ ബൈക്കില്‍ ഇടിക്കുന്നത് ഒഴിവാക്കാന്‍ കാര്‍ വെട്ടിച്ചപ്പോള്‍ മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ബൈക്കില്‍ കാര്‍ ഇടിച്ചെങ്കിലും യാത്രക്കാരന് കാര്യമായ പരിക്കില്ല. കാറിന്റെ മുന്നിലും പിന്നിലുമായി ഇടതു വശത്തിരുന്ന രണ്ടുപേരുമാണ് മരിച്ചത്. കാറില്‍ നാല് പേര് ഉണ്ടായിരുന്നു. മറ്റു രണ്ടുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്.

