തിരുവനന്തപുരം: തിരുവനന്തപുരം തൈക്കാട്ടെ സർക്കാർ റസ്റ്റ് ഹൗസിൽ മിന്നൽ പരിശോധന നടത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റസ്റ്റ് ഹൗസുകളിൽ നാളെ മുതൽ പൊതുജനങ്ങൾക്കായി ഓൺലൈൻ ബുക്കിംഗ് ആരംഭിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ സന്ദർശനം.
റസ്റ്റ് ഹൗസ് പരിസരം അദ്ദേഹം നടന്നു നിരീക്ഷിച്ചു. അടുക്കളയിലും അദ്ദേഹം പരിശോധന നടത്തി. റസ്റ്റ് ഹൗസിന് പരിസരത്തെ മാലിന്യം നീക്കം ചെയ്യാത്തതിന് റസ്റ്റ് ഹൗസ് മാനേജറെ മന്ത്രി ശകാരിക്കുകയും ചെയ്തു. പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതിന് മുന്നോടിയായി റസ്റ്റ് ഹൗസുകൾ ശുചിയാക്കണം എന്ന് നേരത്ത തന്നെ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് മാനേജർമാർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത്ര ദിവസമായിട്ടും ഈ നിർദേശം പാലിക്കപ്പെട്ടിരുന്നില്ല. തുടർന്നാണ് മന്ത്രി റസ്റ്റ് ഹൗസ് മാനേജരെ ശകാരിച്ചത്.
സർക്കാർ എടുത്ത നല്ലൊരു സമീപനത്തെ തകർക്കാനോ അട്ടിമറിക്കാനോ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. പൊതുജനങ്ങൾക്ക് റസ്റ്റ് ഹൗസുകൾ ലഭ്യമാക്കാനുള്ള തീരുമാനം സർക്കാർ നേരത്തെ സ്വീകരിച്ചതാണ്. ഇതിനു മുന്നോടിയായി റസ്റ്റ് ഹൗസുകൾ ശുചീകരിക്കണമെന്നും അടിയന്തര സൗകര്യങ്ങളെല്ലാം സജ്ജമാക്കണമെന്നും എല്ലാ റസ്റ്റ് ഹൗസുകൾക്കും നിർദ്ദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കുന്നതല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

