ജോസ് കെ മാണി രാജിവച്ച രാജ്യസഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ 29ന് നടക്കും

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള രാജ്യസഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ 29ന് നടക്കും. കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടി രാജിവച്ചിരുന്നു. ഈ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പാണ് അടുത്ത മാസം നടക്കുക. തെരഞ്ഞെടുപ്പ് ഇതിന് മുമ്പ് രണ്ട് തവണ മാറ്റി വച്ചിരുന്നു.ഇത് സംബന്ധിച്ച വിജ്ഞാപനം നവംബര്‍ ഒന്‍പതിന് പുറപ്പെടുവിക്കും. നവംബര്‍ 16നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.

2024 വരെയാണ് പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന രാജ്യസഭാ അംഗത്തിന് കാലാവധി ലഭിക്കുക.

ഇതിന് പുറമെ തെരഞ്ഞെടുപ്പ് കമ്മീഷനോട് എം എല്‍ എമാരായ കെ എന്‍ ഉണ്ണികൃഷ്ണന്‍, വി ആര്‍ സുനില്‍ കുമാര്‍, ജോബ് മൈക്കിള്‍ എന്നിവര്‍ ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ജനുവരി 11നാണ് ജോസ് കെ മാണി രാജിവച്ചത്.

നിയമസഭാ അംഗമാകുന്നതിന് വേണ്ടി രാജിവെച്ചെങ്കിലും സിറ്റിംങ് എംഎല്‍എ ആയ മാണി സി കാപ്പനോട് മത്സരിച്ച് തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു ജോസ് കെ മാണി. രാജി വച്ച രാജ്യസഭാ സീറ്റിലേക്ക് ജോസ് കെ മാണി തന്നെ സ്ഥാനാര്‍ത്ഥിയാകുമോ എന്നതാണ് കേരള രാഷ്ട്രീയം ഉറ്റു നോക്കുന്നത്.