വരും വര്‍ഷത്തില്‍ ഇന്ത്യയ്ക്ക് 500 കോടി വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ പറ്റും; ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി

റോം: അടുത്ത വര്‍ഷം അവസാനത്തോടെ ഇന്ത്യക്ക് അഞ്ഞൂറ് കോടി ഡോസ് വാക്‌സീന്‍ ഉത്പാദിപ്പിക്കാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കൂടുതല്‍ രാജ്യങ്ങളെ വാക്‌സീന്‍ മൈത്രിയില്‍ സഹായിക്കാനാകുമെന്നും ജി 20 ഉച്ചകോടിയില്‍ സംസാരിക്കവെ
പ്രധാനമന്ത്രി വ്യക്തമാക്കി. കൊവിഡില്‍ നിന്നുള്ള ആരോഗ്യ, സാമ്പത്തിക മേഖലകളുടെ വളര്‍ച്ചയെക്കുറിച്ച് ഉച്ചകോടിയില്‍ നടന്ന ചര്‍ച്ചയായിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. വിപുലവും ഗുണപ്രദവുമാണ് ജി 20 ഉച്ചകോടി ചര്‍ച്ചകളെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊവിഡിനെതിരായ ആഗോള പോരാട്ടത്തില്‍ ഇന്ത്യയുടെ സംഭാവനകളെ ഉയര്‍ത്തിക്കാട്ടാനായെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രണ്‍, ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സണ്‍ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച് നടത്തി. ജി 20 യോഗത്തില്‍ ആഗോള ഊര്‍ജ്ജ പ്രതിസന്ധിയും ചര്‍ച്ച ചെയ്തു.

ജി 20 യോഗത്തിന് മുന്നോടിയായി വത്തിക്കാനിലെത്തിയ നരേന്ദ്രമോദി ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടിരുന്നു. മോദി ക്ഷണിച്ച പ്രകാരം ഇന്ത്യ സന്ദര്‍ശിക്കാനായി മാര്‍പാപ്പ ഉടന്‍ എത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്.

ആഗോള ക്രൈസ്തവ സഭയുടെ പരമാധ്യക്ഷ്യനായ മാര്‍പാപ്പ രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഇന്ത്യാ സന്ദര്‍ശനത്തിന് എത്തുന്നത്. മാര്‍പാപ്പയുമായി ഊഷ്മളമായ കൂടിക്കാഴ്ചയായിരുന്നുവെന്നും നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും സന്ദര്‍ശനശേഷം മോദി ട്വിറ്ററില്‍ കുറിച്ചിരുന്നു. ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ കൊവിഡ് സാഹചര്യവും സംസാരിച്ചു.