കാബൂള്‍: ലോകരാജ്യങ്ങള്‍ അഫ്ഗാനിസ്താനിലെ പുതിയ ഭരണകൂടത്തെ അംഗീകരിക്കാന്‍ തയ്യാറാവണമെന്ന പ്രസ്താവനയുമായി താലിബാന്‍. അമേരിക്ക ഉള്‍പ്പടെയുള്ള ലോകരാജ്യങ്ങളോടാണ് താലിബാന്‍ തങ്ങളെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടത്. പുതിയ ഭരണകൂടത്തെ അംഗീകരിക്കാതെയും അഫ്ഗാന് അര്‍ഹതപ്പെട്ട വിദേശ ഫണ്ടുകള്‍ തടഞ്ഞുവെക്കുകയും ചെയ്യുന്നത് തുടര്‍ന്നാല്‍ അത് അഫ്ഗാനിസ്താനെ മാത്രമല്ല ലോകത്തെ മുഴുവന്‍ ബാധിക്കുമെന്നും താലിബാന്‍ മുന്നറിയിപ്പ് നല്‍കി.
അഫ്ഗാനിസ്താനില്‍ താലിബാന്‍ ഭരണം ഏറ്റെടുത്തെങ്കിലും പുതിയ സര്‍ക്കാരിനെ ലോകരാജ്യങ്ങള്‍ അംഗീകരിച്ചിരുന്നില്ല. ഇതിന് പുറമെ അഫ്ഗാനിലേക്കുള്ള കോടിക്കണക്കിന് ഡോളറുകളുടെ വിദേശസഹായം തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാജ്യത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന ആഭ്യന്തര യുദ്ധങ്ങള്‍ അഫ്ഗാനിസ്താനില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
‘ഞങ്ങള്‍ക്ക് അമേരിക്കയോട് ഒന്നേ പറയാനുള്ളു. ഞങ്ങളെ അംഗീകരിക്കാതിരിക്കുന്നത് തുടരുകയും, അഫ്ഗാനിസ്താന്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ അത് അഫ്ഗാനില്‍ മാത്രമാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുക എന്ന് കരുതരുതെന്നും അത് ലോകത്തിന്റെ മുഴുവന്‍ പ്രശ്‌നമാകുമെന്നും’ താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു.

