ന്യൂഡൽഹി: ന്യൂനപക്ഷ സ്‌കോളർഷിപ്പ് കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. കേസിൽ ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല. ന്യൂനപക്ഷ സ്‌കോളർഷിപ്പിലുള്ള 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച് ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നായിരുന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നത്. ജസ്റ്റിസ് എൽ നാഗേശ്വർ റാവു അദ്ധ്യക്ഷനായ ബെഞ്ചാണ് സംസ്ഥാന സർക്കാരിന്റെ ഹർജി പരിഗണിച്ചത്. എന്നാൽ സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. കേസിലെ കക്ഷിക്കാർക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.
80:20 അനുപാതം റദ്ദാക്കി ജനസംഖ്യാടിസ്ഥാനത്തിലാവണം സ്‌കോളർഷിപ്പ് നൽകണ്ടതെന്നായിരുന്നു കേരള ഹൈക്കോടതി വിധി. ന്യൂനപക്ഷ സ്‌കോളർഷിപ്പ് തീരുമാനിക്കാൻ സംസ്ഥാനത്തിന് അധികാരമില്ല. ഒരു വിഭാഗത്തിന് മാത്രം ആനുകൂല്യങ്ങൾ നൽകുന്നത് വിവേചനം ആണെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. എന്നാൽ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഗണിക്കാതെ സ്‌കോളർഷിപ്പ് നൽകിയാൽ അത് അനർഹർക്കായിരിക്കും ലഭിക്കുകയെന്നാണ് സർക്കാർ പറയുന്നത്.
അതേസമയം 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിൽ സിറോമലബാർ സഭ പ്രതിക്ഷേധം അറിയിച്ചിരുന്നു. സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീൽ പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നായിരുന്നു സഭയുടെ നിലപാട്. സർവകക്ഷിയോഗത്തിന്റെ തീരുമാനങ്ങൾക്ക് വിരുദ്ധമായാണ് സർക്കാരിന്റെ ഇപ്പോഴത്തെ നിലപാടെന്നും ഇതിന് പിന്നിൽ ചില സമ്മർദ്ധമുണ്ടായെന്ന് ന്യായമായും അനുമാനിക്കണമെന്നും സഭ പറഞ്ഞിരുന്നു. ഹൈക്കോടതി വിധി അംഗികരിച്ച് എല്ലാവർക്കും തുല്യനീതി നടപ്പിലാക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടതെന്നാണ് സീറോ മലബാർ സഭ ആവശ്യപ്പെടുന്നത്.

