കൊവിഡിന് സമാനമായ ആര്‍.എസ്.വി വൈറസുകള്‍; കോഴിക്കോട് 24 കുട്ടികളില്‍ രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: കൊവിഡിന് സമാനമായ ലക്ഷണങ്ങളുള്ള വൈറസ് രോഗം കോഴിക്കോട് സ്ഥിരീകരിച്ചു. ആര്‍.എസ്.വി (റെസ്പിറേറ്ററി സിന്‍സിഷ്യല്‍ വൈറസ്) എന്ന രോഗം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ജില്ലയില്‍ ആരോഗ്യ വകുപ്പ് പരിശോധന തുടങ്ങി. രോഗം സ്ഥിരീകരിച്ച രോഗികളുടെ നിലവിലെ സ്ഥിതിയും തുടര്‍ സാഹചര്യവും വിലയിരുത്തുകയാണ് ആരോഗ്യ വകുപ്പ്. രോഗം കൂടുതല്‍ വ്യാപിക്കുകയാണെങ്കില്‍ പട്ടിക പരിശോധിച്ച് പ്രാദേശികമായ കാരണങ്ങളുണ്ടോയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസ് അധികൃതര്‍ വിശകലനം ചെയ്യും. ഇതിന് ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞുങ്ങളിലാണ് ആര്‍.എസ്.വി ലക്ഷണങ്ങള്‍ കണ്ടെത്തിയത്. 55 കുട്ടികളിലാണ് നാലു മാസത്തിനിടെ പരിശോധന നടത്തിയത്. ഇതില്‍ 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് വിവരം സംസ്ഥാന ആരോഗ്യവകുപ്പിനെ അറിയിച്ചത്. നിലവില്‍ നാലുപേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ജില്ലയിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സതേടിയ കുഞ്ഞുങ്ങളില്‍ ആറുപേര്‍ക്ക് വെന്റിലേറ്റര്‍ സപ്പോര്‍ട്ട് നല്‍കേണ്ടിവന്നു.

കൂടുതലായി രോഗം റിപ്പോര്‍ട്ട് ചെയ്തത് 18 മാസത്തില്‍ താഴെയുള്ള കുട്ടികളിലാണ്. ശ്വാസതടസ്സം, മൂക്കൊലിപ്പ്, പനി, കഫം, വലിവ് എന്നിവയാണ് രോഗലക്ഷണങ്ങള്‍. ചില കുഞ്ഞുങ്ങളില്‍ ന്യുമോണിയയുടേതുപോലുള്ള ലക്ഷണങ്ങളും പ്രകടമാകുന്നുണ്ട്.ഈ വൈറസ് മഴക്കാലത്തും തണുപ്പുള്ള കാലാവസ്ഥയിലുമാണ് കൂടുതലായി കാണുന്നത്.

1,60,000 കുട്ടികളാണ് ലോകത്ത് ഈ വൈറസ് മൂലം മരണപ്പെടുന്നത്. ഈ വൈറസ് അതിവേഗം പകരുന്നതിനാല്‍ ഐസൊലേഷന്‍ വേണ്ടിവരും. എന്നാല്‍ ഒന്നോ രണ്ടോ ആഴ്ചകൊണ്ട് രോഗം മാറാറുണ്ട്. രോഗനിര്‍ണയം നടത്തുന്നത് ആന്റിജന്‍ ടെസ്റ്റ്, മോളിക്യുലര്‍ ടെസ്റ്റിങ്, വൈറല്‍ കള്‍ച്ചര്‍ തുടങ്ങിയവയിലൂടെയാണ്. റാപ്പിഡ് ടെസ്റ്റുമുണ്ട്. നിലവില്‍ ഈ രോഗത്തിന് രണ്ട് അംഗീകൃത മരുന്നുകളുണ്ട്. രോഗം സങ്കീര്‍ണമായാല്‍ ചികിത്സച്ചെലവ് കൂടും. ഇതിന് ആന്റിബയോട്ടിക് ചികിത്സ ഫലപ്രദമല്ലെന്നും ഒരിക്കല്‍ രോഗംവന്ന കുട്ടികള്‍ക്ക് വീണ്ടും രോഗം വരുന്നുണ്ട്. എന്നാല്‍ രണ്ടാമത് രോഗം വരുമ്പോള്‍ അതിന് ശക്തി കുറയുന്നതായും കണ്ട് വരുന്നു.