രാജ്യത്ത് ഏറ്റവും വേഗം കൂടിയ ഇന്റര്‍നെറ്റ് സേവനം എന്ന അവാര്‍ഡ് സ്വന്തമാക്കി വോഡഫോണ്‍ ഐഡിയ

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും വേഗം കൂടിയ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം എന്ന അവാര്‍ഡ് സ്വന്തമാക്കി വോഡഫോണ്‍ ഐഡിയ. ആഗോള ഇന്റര്‍നെറ്റ് ടെസ്റ്റിംഗ് കമ്പനിയായ ഊകലയാണ് അവാര്‍ഡ് ‘വി’ക്ക് നല്‍കിയത്. 2021ലെ ആദ്യത്തെ രണ്ട് പാദങ്ങളിലെ സ്പീഡ് ടെസ്റ്റ് ഇന്റലിജന്‍സ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഈ നേട്ടം. ഈ നേട്ടത്തോടെ ‘സ്പീഡ് സെ ബഡോ’ എന്ന തങ്ങളുടെ ക്യാംപെയിനും വി ആരംഭിച്ചിട്ടുണ്ട്.

ഊകലയുടെ റിപ്പോര്‍ട്ട് പ്രകാരം ‘വി’ നെറ്റ്‌വര്‍ക്ക്‌ ശരാശരി വേഗം 16.10 എംബിപിഎസ് ആണ്. ജിയോയാണ് രണ്ടാം സ്ഥാനത്ത് .ഇവരുടെ വേഗത 13.98 എംബിപിഎസ് ആണ്. 13.83 എംബിപിഎസ് വേഗതയുമായി മൂന്നാം സ്ഥാനത്ത് എയര്‍ടെല്ല് ഉണ്ട്. വേഗത നിര്‍ണ്ണയിക്കാന്‍ ടെലികോം സേവനദാതക്കളില്‍ നിന്നും ഈ വര്‍ഷത്തെ ആദ്യത്തെ ആറുമാസം ഡാറ്റ ശേഖരിച്ചിരുന്നതായി ഊകല പറയുന്നു.

ഈ ടെസ്റ്റിനായി ഐഒഎസ്, ആന്‍ഡ്രോയ്ഡ് ആപ്പുകളില്‍ നിന്നും ലഭ്യമായ 1.9 കോടി ഡാറ്റയും പരിഗണിച്ചതായി ഊകല പറയുന്നു. അതേസമയം, വി കഴിഞ്ഞ നിരവധി ത്രൈമാസങ്ങളായി ഏറ്റവും വേഗമേറിയ 4ജി അനുഭവം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണെന്ന് വി ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ അവനീഷ് ഖോസ്ല പറഞ്ഞു. പത്ത് ആഴ്ചകള്‍ നീണ്ടു നില്‍ക്കുന്ന ക്യാംപെയിന്‍ ഒക്ടോബര്‍ 23നാണ് ആരംഭിച്ചത്.

ഈ പുരസ്‌ക്കാരം നല്‍കുന്നത് ഉജ്വലമായ ഇന്റര്‍നെറ്റ് പ്രകടനവും വിപണിയിലെ കവറേജും നല്‍കുന്ന മികച്ച നെറ്റ്‌വര്‍ക്ക്‌ സേവനദാതാക്കള്‍ക്കാണെന്ന് ഊകല സിഇഒ ഡങ് സറ്റില്‍സ് അറിയിച്ചു.