ചെറിയാൻ ഫിലിപ്പിന്റെ മടങ്ങിവരവ് കോൺഗ്രസിന് ഗുണം ചെയ്യും; എ കെ ആന്റണി

തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പുമായി കൂടിക്കാഴ്ച്ച നടത്തി കോൺഗ്രസ് നേതാവ് എ കെ ആന്റണി. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിട്ടത് തനിക്ക് ഷോക്കായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ആദ്യകാലത്ത് പിണക്കമുണ്ടായിരുന്നെങ്കിലും നേരത്തെ തന്നെ തങ്ങൾക്കിടയിലെ മഞ്ഞുരുകി. ഇപ്പോൾ പ്രശ്‌നങ്ങൾ പറഞ്ഞുതീർത്ത് ബന്ധം കൂടുതൽ ശക്തമായെന്നും അദ്ദേഹം വ്യക്തമാക്കി.

20 വർഷം വിട്ടുനിന്നുവെങ്കിലും കോൺഗ്രസ് അംഗത്വമല്ലാതെ മറ്റൊരു പാർട്ടിയിലും ചെറിയാൻ ഫിലിപ്പ് അംഗത്വം എടുത്തിട്ടില്ല. സിപിഎമ്മിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിട്ടും പാർട്ടി അംഗത്വമെടുത്തിട്ടില്ല. കോൺഗ്രസ് കൂടുതൽ ശക്തമാകേണ്ട സാഹചര്യത്തിൽ ചെറിയാന്റെ മടങ്ങിവരവ് പാർട്ടിക്ക് ഗുണം ചെയ്യും. ചെറിയാൻ കോൺഗ്രസിലേക്ക് തിരികെ വരുന്നതിൽ പാർട്ടിയിലെ എല്ലാവരും സന്തോഷിക്കുമെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അഭ്യുദയകാംഷികളും കോൺഗ്രസിലാണ് ഉള്ളതെന്നും ആന്റണി അഭിപ്രായപ്പെട്ടു.

ചെറിയാൻ ഫിലിപ്പിന് രാജ്യസഭാ സീറ്റ് നൽകുന്ന കാര്യം തീരുമാനിച്ചിട്ടില്ല. ചെറിയാന്റെ മടങ്ങിവരവ് ആരുമായും താരതമ്യം ചെയ്യുന്നില്ലെന്നും അദ്ദേഹത്തിന് പാർട്ടിയിൽ എങ്ങനെയുള്ള പരിഗണന നൽകണം എന്ന കാര്യം കെപിസിസിയാണ് തീരുമാനിക്കേണ്ടതെന്നും ആന്റണി വിശദമാക്കി. 2000-ത്തിലാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിട്ട് ഇടതുപക്ഷ സഹയാത്രികനാകുന്നത്. 20 വർഷത്തെ ഇടതുബന്ധം അവസാനിപ്പിച്ചാണ് അദ്ദേഹം കോൺഗ്രസിൽ ചേരുന്നത്.