‘ഇന്ന് കുട്ടികളെ എല്ലാവരെയും കാണണം’; ഓണ്‍ലൈന്‍ ക്ലാസ്സിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്: ഓണ്‍ലൈന്‍ ക്ലാസ്സിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു.
ചുമയും ശ്വാസംമുട്ടുന്നുമുണ്ട് ബാക്കി അടുത്ത ക്ലാസിലെടുക്കാം എന്ന് കുട്ടികളോട് പറഞ്ഞ് ക്ലാസ്സ് അവസാനിപ്പിച്ച അധ്യാപിക അവിടെ തന്നെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

കള്ളാര്‍ അടോട്ടുകയ ഗവ. വെല്‍ഫെയര്‍ എല്‍.പി. സ്‌കൂള്‍ അധ്യാപിക കള്ളാര്‍ ചുള്ളിയോടിയിലെ സി. മാധവി (47) ആണ് മരിച്ചത്. മരണസമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. അധ്യാപികയുടെ സഹോദരന്റെ മകന്‍ രതീഷിനോട് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുന്നതിനെക്കുറിച്ച് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇദ്ദേഹം എത്തുമ്പോള്‍ നിലത്ത് വീണ് കിടക്കുന്ന അധ്യാപികയെ ആണ് കണ്ടത്. ഉടന്‍ പൂടങ്കല്ലിലെ താലൂക്ക് ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഓണ്‍ലൈന്‍ ക്ലാസ് ബുധനാഴ്ച രാത്രി 7.30-നാണ് തുടങ്ങിയത്. മൂന്നാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് കണക്ക് വിഷയമായിരുന്നു അധ്യാപിക എടുത്തുകൊണ്ടിരുന്നത്. ‘വീഡിയോ ഓണ്‍ ആക്ക്യേ, എല്ലാരേം എനിക്കൊന്ന് കാണാനാ’ എന്ന് അധ്യാപിക ക്ലാസ്സ് ആരംഭിക്കവേ പറഞ്ഞിരുന്നു. എന്നാല്‍ ടീച്ചര്‍ ഇങ്ങനെ പറയുന്നത് പതിവില്ലെന്ന് പറഞ്ഞ് കുട്ടികളും രക്ഷിതാക്കളും വിതുമ്പി.

മരണത്തിന് മുമ്പ് ഓരോ കുട്ടിയോടും അധ്യാപിക സംസാരിച്ചു. ക്ലാസ് തുടങ്ങി ഏതാനും മിനിറ്റ് കഴിഞ്ഞപ്പോഴേക്കുമാണ് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. തുടര്‍ന്ന് ഹോംവര്‍ക്കും നല്‍കിയ ശേഷമാണ് ക്ലാസ് അവസാനിപ്പിച്ചത്.

ഭര്‍ത്താവ്: പരേതനായ ടി. ബാബു. പരേതരായ അടുക്കന്റെയും മുണ്ടുവിന്റെയും മകളാണ്. സഹോദരങ്ങള്‍: രാമന്‍, കല്യാണി, കണ്ണന്‍, പരേതരായ രാമകൃഷ്ണന്‍, മാധവന്‍.