ടി20 ലോകകപ്പിൽ ഇന്ത്യ പരാജയപ്പെട്ടതിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി; രാകേഷ് ടികായത്ത്

ന്യൂഡൽഹി: ഐ.സി.സി ടി20 ലോകകപ്പിൽ പാകിസ്താനെതിരായ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടതിന് പിന്നിലെ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന ആരോപണവുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് മോദി സർക്കാർ ഇന്ത്യൻ ടീമിനെ പരാജയപ്പെടുത്തിയതെന്നാണ് അദ്ദേഹം പറയുന്നത്.

മോദി സർക്കാരിനെ സംബന്ധിച്ച് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും രാകേഷ് ടികായത്ത് ആരോപിച്ചു. ഇന്ത്യൻ ടീം പാകിസ്താനോട് പരാജയപ്പെട്ടതിൽ തനിക്ക് അതിയായ ദു:ഖമുണ്ട്. ടികായത്തിന്റെ പരാമർശങ്ങൾ ഇതിനോടകം തന്നെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. താൻ മത്സരം കണ്ടിട്ടില്ലെന്നും എന്നാൽ ഇന്ത്യ തോൽക്കാൻ കാരണം മോദിയാണെന്ന് തന്റെ ഗ്രാമത്തിലുള്ളവർ പറയുന്നത് കേട്ടുവെന്ന് ടികായത്ത് വ്യക്തമാക്കി.

കൂടുതൽ വോട്ട് ലഭിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മോദി സർക്കാരിന് ഏത് ടീമിനെ വേണമെങ്കിലും തോൽപ്പിക്കാൻ സാധിക്കും. പാർട്ടിക്ക് കായിക മത്സരമല്ല, വോട്ടാണ് പ്രധാനം. ഇന്ത്യ-പാകിസ്താൻ മത്സരത്തിൽ ഇന്ത്യൻ ടീം പരാജയപ്പെട്ടാൽ തീർച്ചയായും ചിലരെങ്കിലും പടക്കം പൊട്ടിച്ച് ആഘോഷിക്കും. ആളുകൾ ഇന്ത്യൻ ടീമിനെ അപമാനിക്കുകയും ചെയ്യും. ഇത്തരം പ്രവൃത്തികൾ ബിജെപിക്ക് വോട്ട് നേടിക്കൊടുക്കുമെന്ന് ടികായത്ത് പറഞ്ഞു. ബിജെപി നേതാക്കൾ മുസ്ലീം കായിക താരങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ ക്യാമ്പെയിൻ നടത്തിയെന്നും ടികായത്ത് കൂട്ടിച്ചേർത്തു.