ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരളാ ഹൈക്കോടതി. ദേവസ്വം ബഞ്ചിന്റെ അനുമതി ഇല്ലാതെ വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തുന്ന നടപടി നിയമ വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.

എന്നാല്‍, വെര്‍ച്ചല്‍ ക്യൂവിന് 2011 മുതല്‍ ഹൈക്കോടതി അനുമതി തന്നിട്ടുണ്ട്. അതിനാല്‍ വെര്‍ച്ചല്‍ ക്യൂ സംവിധാനം ഇപ്പോള്‍ നിര്‍ത്തലാക്കാന്‍ സാധ്യമല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. അതേസമയം, അങ്ങനെ ഒരു വിധിയുണ്ടോ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു.

തീര്‍ത്ഥാടകരുടെ സുഗമമായ ദര്‍ശനത്തിന് വേണ്ടിയാണ് ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തിയത്. മണ്ഡലകാലം ആയാല്‍ തിരക്ക് കൂടുമെന്നും ഇത് നിയന്ത്രിക്കാന്‍ പൊലീസിനെ കൊണ്ട് മാത്രമേ സാധിക്കൂ എന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. സര്‍ക്കാര്‍,ദേവസ്വം ബോര്‍ഡിന്റെ അധികാരത്തില്‍ കൈകടത്തിയിട്ടില്ല.കോടതി പറയുന്ന പരിഷ്‌കാരങ്ങള്‍ നടത്താന്‍ തയ്യാറെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

നേരത്തെയും ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തിയ നടപടിയില്‍ സര്‍ക്കാരിനെയും പൊലീസിനെയും കോടതി വിമര്‍ശിച്ചിരുന്നു. നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ക്ഷേത്രം ട്രസ്റ്റി എന്ന നിലയില്‍ ദേവസ്വം ബോര്‍ഡിനല്ലെ അധികാരമുള്ളതെന്നാണ് കോടതി ചോദിക്കുന്നത്. ഡിവിഷന്‍ ബഞ്ചിന്റെ മുന്നില്‍ ഇത് സംബന്ധിച്ച് ഒരുകൂട്ടം ഹര്‍ജികളിലാണ് ഉള്ളത്.