ന്യൂഡല്‍ഹി: കേരള ജനതയെ മുഴുവന്‍ ഭീതിലാഴ്ത്തി നില്‍ക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ അതിപ്രധാനമെന്ന് സുപ്രീം കോടതി. അതേസമയം, ഡാമിന്റെ ജലനിരപ്പ് 137.7 അടിയായതിനാല്‍ ആശങ്കപ്പെടാനില്ലെന്നും കോടതി അറിയിച്ചു. 2006 ല്‍ നിന്ന് 2021 ആയപ്പോള്‍ സുരക്ഷയുടെ കാര്യത്തില്‍ ഒരുപാടുകാര്യങ്ങള്‍ മാറിയിട്ടുണ്ടാകും. നിലവില്‍ ആശങ്കപ്പെടേണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ മേല്‍നോട്ട സമിതി
ജലനിരപ്പില്‍ മാറ്റം വരുത്തേണ്ടെന്നാണ് സുപ്രീം കോടതിയില്‍ അറിയിച്ചത്. കേരളം തങ്ങളുടെ ആവശ്യത്തോട് വിയോജിച്ചുവെന്നും സമിതി വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ കേസ് സുപ്രീം കോടതി പരിഗണിക്കവെയാണ് സമിതി നിലപാട് അറിയിച്ചത്.
ഡാമിലെ ജലനിരപ്പ് 139 അടിയ്ക്ക് താഴെ നിലനിര്‍ത്തണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. അതേസമയം, കേരളം മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ടില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഡാമിന്റെ ഇപ്പോഴത്തെ ജലനിരപ്പില്‍ ആശങ്കയുണ്ടെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു. ഇതിന് പുറമെ സംസ്ഥാനത്ത സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ശക്തമായ മഴ പെയ്തെന്നും വരാനിരിക്കുന്ന നവംബറിലും ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടെന്നും കേരളം കോടതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ്.
ജലനിരപ്പ് ക്രമീകരിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മേല്‍നോട്ട സമിതി ഇന്നലെ യോഗം ചേര്‍ന്നിരുന്നു. റൂള്‍ കര്‍വ് അനുസരിച്ച് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കുമെന്ന് സിമിതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.138 അടിയാണ് ജലകമ്മീഷന്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ഇപ്പോഴത്തെ റൂള്‍ കര്‍വ്. ഈ അളവില്‍ ജലനിരപ്പ് എത്തിയാല്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് പെരിയാറിലേക്ക് വെള്ളം തുറന്നുവിടും.

