തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ മേയര്‍ ആര്യ രാജേന്ദ്രനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് കെ മുരളീധരന് എംപിക്കെതിരെ കേസെടുത്തു. മേയര്‍ ആര്യ രാജേന്ദ്രന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മ്യൂസിയം പൊലീസാണ് സ്ത്രീത്വത്തെ അപമാനിച്ചുള്ള പരമര്‍ശം നടത്തിയതിന് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
കോര്പ്പറേഷന് ഓഫീസിന് മുന്നില്‍ നികുതിവെട്ടിപ്പില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയാണ് കെ മുരളീധരന് എംപി മേയര്‍ക്കെതിരെ പരാമര്‍ശം നടത്തിയത്. മേയര്‍ ആര്യ രാജേന്ദ്രനെ കാണാന്‍ ഭംഗിയുണ്ടെങ്കിലും വായില്‍ നിന്ന് വരുന്നത് ഭരണപ്പാട്ടിനേക്കാള്‍ ഭീകരമായ വാക്കുകള്‍ ആണെന്നായിരുന്നു മുരളീധരന്റെ പരാമര്‍ശം.
മുരളീധരന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ്. ആര്യാ രാജേന്ദ്രന് പൊലീസില്‍ പരാതി നല്‍കിയത്. തൊട്ടുപിന്നാലെ മുരളീധരന് പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചു. ഇതിന് മുമ്പ് പല പ്രഗല്ഭരും ഇരുന്ന കസേരിയിലാണ് മേയര്‍ ആര്യ ഇരിക്കുന്നത്. എന്നാല്‍ അതനുസരിച്ച് പക്വത മേയര്‍ കാണിച്ചില്ലെന്നാണ് താന്‍ സൂചിപ്പിച്ചത്. താന്‍ പറഞ്ഞതില്‍ അവര്‍ക്ക് പ്രയാസമുണ്ടായെങ്കില്‍ ഖേദിക്കുന്നു. താന്‍ കാരണം ആര്‍ക്കും മാനസിക പ്രയാസമുണ്ടാകരുതെന്നാണ് ആഗ്രഹം. കേസുമായി മേയര്‍ മുന്നോട്ട് പോകുന്നതില്‍ യാതൊരു ബുദ്ധിമുട്ടുമില്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ എന്റെ സംസ്ക്കാരത്തിന് മാര്‍ക്കിടാന്‍ തക്കവണ്ണം ആരുമില്ലെന്നും മുരളീധരന് പറഞ്ഞു.

