കേന്ദ്രമന്ത്രി വി മുരളീധരന്റെ സമയോചിത ഇടപെടൽ; ജാമിയ മിലിയ കോളേജിലെ മലയാളി വിദ്യാര്‍ത്ഥിയ്ക്ക് തിരികെ ലഭിച്ചത് സ്വന്തം ജീവിതം

ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ഇടപെടലിലൂടെ നഷ്ടപ്പെട്ടെന്ന് കരുതിയ സ്വന്തം ജീവിതം തന്നെ തിരികെ ലഭിച്ചിരിക്കുകയാണ് ജാമിയ മിലിയ ഇസ്ലാമിയ കോളേജിലെ മലയാളി വിദ്യാർത്ഥി ജുനൈദിന്. വി മുരളീധരന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് ജുനൈദ് ജീവിതത്തിലേക്ക് മടങ്ങി എത്തിയിരിക്കുന്നത്.

തലച്ചോറിനെ ബാധിക്കുന്ന രോഗമായ ഡിമെൻഷ്യയുടെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്നാണ് ജുനൈദിനെ സുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡോക്ടർമാർ ജുനൈദിനെ ഐസിയുവിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു. സിടി, എംആർഐ, രക്തപരിശോധന തുടങ്ങി നിരവധി പരിശോധനകളും നടത്താനും ഡോക്ടർമാർ ആവശ്യപ്പെട്ടു. 60,000 രൂപ മുൻകൂറായി അടച്ചെങ്കിൽ മാത്രമേ ഈ പരിശോധനകൾ നടത്താനാകൂവെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.

തുടർന്ന് സുഹൃത്തുക്കൾ ജുനൈദിന്റെ കുടുംബാഗങ്ങളെ വിവരം അറിയിച്ചു. പിന്നീട് കേരളത്തിൽ നിന്നും കുടുംബവും ഡൽഹിയിലെത്തി. ആശുപത്രി അധികൃതരോട് തങ്ങളുടെ കുടുംബത്തിന്റെ പരിതാപകരമായ സാമ്പത്തിക അവസ്ഥയെ കുറിച്ച് വിശദമാക്കിയെങ്കിലും ഇവർ സഹായിക്കാൻ മനസു കാണിച്ചില്ല. ഇതിനിടെ ജുനൈദിന്റെ അവസ്ഥ വളരെ മോശമായി. തുടർന്നാണ് സുഹൃത്തുക്കളും,കുടുംബവും ചേർന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരനെ ബന്ധപ്പെടുന്നത്.

വിവരം അറിഞ്ഞ മന്ത്രി വി മുരളീധരൻ കേന്ദ്ര ആരോഗ്യ മന്ത്രിയുടെയും സഹായത്തോടെ ജുനൈദിനെ എയിംസിൽ പ്രവേശിപ്പിച്ചു. എയിംസിൽ നിന്നും ലഭിച്ച ചികിത്സയിലൂടെ ജുനൈദ് ഇപ്പോൾ ജീവിതത്തിലേയ്ക്ക് തിരികെ എത്തുകയാണ്. മകന്റെ ജീവൻ തിരികെ പിടിക്കാൻ സഹായിച്ച മന്ത്രിയ്ക്ക് ജുനൈദിന്റെ കുടുംബവും സുഹൃത്തുക്കളും നന്ദി അറിയിച്ചു.