40 ജവാന്മാര്‍ മരിച്ച സി ആര്‍ പി എഫ് ക്യാമ്പില്‍ പട്ടാളക്കാരോടൊപ്പം തങ്ങി കേന്ദ്രമന്ത്രി അമിത് ഷാ

ശ്രീനഗര്‍: സി ആര്‍ പി എഫ് ക്യാമ്പില്‍ പട്ടാളക്കാരോടൊപ്പം രാത്രി ചെലവഴിച്ച് കാശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് മന്ത്രി കശ്മീരിലെത്തിയത്. പുല്‍വാമയിലെ ലെത്ത്‌പോരയിലുള്ള സി ആര്‍ പി എഫ് ക്യാമ്പിലാണ് മന്ത്രി രാത്രിയില്‍ തങ്ങിയത്. 2019ലെ ഭീകരാക്രമണത്തില്‍ ഇവിടെവച്ചായിരുന്നു നാല്‍പ്പത് ജവാന്‍മാര്‍ വീരമൃത്യു വരിച്ചത്. ജവാന്‍മാരോട് സംവദിച്ചതാണ് ജമ്മു കാശ്മീര്‍ സന്ദര്‍ശനത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് എന്ന് അമിത് ഷാ പ്രതികരിച്ചു.
ജമ്മു കാശ്മീരിലെ ക്രമസമാധാന നില വളരെ മെച്ചപ്പെട്ടുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്തതുപോലെ സമാധാനപരമായ ജമ്മു കാശ്മീര്‍ സാക്ഷാത്കരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അമിത് ഷാ വ്യക്തമാക്കി. ഭീകരപ്രവര്‍ത്തനം മനുഷ്യത്വത്തിന് എതിരാണ്. ഭീകരപ്രവര്‍ത്തനങ്ങളോട് മോദി സര്‍ക്കാരിന് സഹിഷ്ണുതയില്ല. മനുഷ്യരാശിക്കെതിരായ ഇത്തരം ഹീനപ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരില്‍ നിന്നും സംരക്ഷിക്കുകയെന്നതാണ് മോദി സര്‍ക്കാരിന്റെ മുന്‍ഗണന എന്നും അമിത് ഷാ വ്യക്തമാക്കി.

കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370, 2019 ഓഗസ്റ്റില്‍ റദ്ദാക്കിയതിനുശേഷം രക്തചൊരിച്ചില്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയ സി ആര്‍ പി എഫിനോടും മറ്റ് സുരക്ഷാ സേനകളോടും മന്ത്രി നന്ദി അറിയിച്ചു. ജമ്മു കാശ്മീരിലെ ജനങ്ങള്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലിനെ അംഗീകരിച്ചെന്നും പുല്‍വാമയില്‍ 2000 കോടിയുടെ മെഡിക്കല്‍ കോളേജ് നിര്‍മിക്കുമെന്നും അമിത് ഷാ അറിയിച്ചു. ഇന്ത്യ മികച്ച സാമ്പത്തിക ശക്തിയായി വളരുമെന്നും അമിത് ഷാ വ്യക്തമാക്കി.