തിരുവനന്തപുരം: സംസ്ഥാനത്തെ 3,000 സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് ഇല്ലെന്ന് കണ്ടെത്തല്‍. ഏറെ നാളത്തെ അടച്ചിടലിന് ശേഷം സ്‌കൂളുകള്‍ തുറക്കാന്‍ ഇരിക്കവെയാണ് പുതിയ കണ്ടെത്തല്‍. തദ്ദേശ സ്ഥാപനങ്ങള്‍ കണ്ടെത്തിയതനുസരിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലായി 3,000 സ്‌കൂളുകള്‍ക്ക് ക്ഷമത (ഫിറ്റ്‌നസ്) ഇല്ലെന്നാണ്. ചില തദ്ദേശ സ്ഥാപനങ്ങള്‍, ആസ്ബസ്‌റ്റോസ്,ടിന്‍, അമുമിനിയം ഷീറ്റുകള്‍കൊണ്ടുള്ള മേല്‍ക്കുരയുള്ള കെട്ടിടങ്ങള്‍ക്ക് അ നുമതി നല്‍കാന്‍ സാധിക്കില്ലെന്ന് ഉറച്ച നിലപാട് സ്വീകരിച്ചതോടെയാണ് ചില സ്‌കൂളുകള്‍ക്ക് പൂട്ട് വീഴുന്നത്.
ഈ മാസം 16 ന് മുമ്പ് സ്‌കൂളുകള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ക്ഷമതാ സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. ഇതോടെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളുകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. തദ്ദേശ സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ എന്തെങ്കിലും അപകടമുണ്ടായാല്‍ മാനേജര്‍മാരും പ്രഥമ അധ്യാപകരും കുറ്റക്കാരാകും. ക്ഷമത സര്‍ട്ടിഫിക്കറ്റ് നിശ്ചിത സമയത്തിനുള്ളില്‍ വാങ്ങിയില്ലെങ്കില്‍ അധ്യാപകരുടെ ശമ്പളം മാറികിട്ടാനടക്കം ബുദ്ധിമുട്ട് നേരിടും. 3,000 സ്‌കൂളുകള്‍ക്ക് ഇതുവരെ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടില്ലെന്ന് പ്രൈവറ്റ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മണി കൊല്ലം വ്യക്തമാക്കി.
15,892 സ്‌കൂളുകളാണ് സര്‍ക്കാര്‍, എയ്ഡഡ്,അണ്‍എയ്ഡഡ് മേഖലകളിലായി ഹയര്‍സെക്കന്‍ഡറി തലംവരെ സംസ്ഥാനത്ത് നിലവിലുള്ളത്. ഇതില്‍ 30 ശതമാനം സര്‍ക്കാര്‍,എയ്ഡഡ് സ്‌കൂളുകള്‍ ഷീറ്റ് മേഞ്ഞതാണെന്ന് അസോസിയേഷന്‍ പറയുന്നു.
നേരത്തെ, ആസ്ബസ്‌റ്റോസ് ഷീറ്റുകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. ഇതേതുടര്‍ന്ന് സ്‌കൂളുകളിലെ ആസ്ബസ്‌റ്റോസ് ഷീറ്റുകള്‍ മാറ്റിയിരുന്നു. ബാലാവകാശ കമ്മീഷനാണ് ടിന്‍, അലുമിനിയം ഷീറ്റുകള്‍ മാറ്റണമെന്ന് ഉത്തരവിട്ടത്. ഈ ഉത്തരവിനെ തുടര്‍ന്നാണ് മേല്‍ക്കുര മാറ്റണമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍ബന്ധം പിടിക്കുന്നത്. അതേസമയം, ഈ ഉത്തരവില്‍ ഇളവുകള്‍ അനുവദിച്ചില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകേണ്ടി വരുമെന്ന് മാനേജ്‌മെന്റുകളും പ്രധാനാധ്യപകരും വ്യക്തമാക്കി.

